മണിക്കൂറുകൾക്കിടെ ബിജെപി വിട്ട് മന്ത്രിയും എംഎൽഎയും; ഗോവയിൽ എന്താണ് സംഭവിക്കുന്നത്?

ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്ന മൈക്കൽ ലോബോ കോൺഗ്രസിലേക്ക് മറുകണ്ടം ചാടിയതിന് ഏതാനും മണിക്കൂറുകൾക്കുശേഷം എംഎൽഎ പ്രവീൺ സാന്റ്യെയും പാർട്ടി വിട്ടിരിക്കുകയാണ്

Update: 2022-01-10 15:42 GMT
Editor : Shaheer | By : Web Desk
Advertising

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഗോവയിൽ ബിജെപി ക്യാംപിൽ വൻ പ്രതിസന്ധി സൃഷ്ടിച്ച് പ്രമുഖ നേതാക്കന്മാരുടെ കൂടുമാറ്റം. ഇന്ന് ഏതാനും മണിക്കൂറുകൾക്കിടെ ഒരു മന്ത്രിയും എംഎൽഎയുമാണ് പാർട്ടി വിട്ടത്. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്ന മൈക്കൽ ലോബോ കോൺഗ്രസിലേക്ക് മറുകണ്ടം ചാടിയതിന് ഏതാനും മണിക്കൂറുകൾക്കുശേഷം എംഎൽഎ പ്രവീൺ സാന്റ്യെയും പാർട്ടി വിട്ടിരിക്കുകയാണ്. സുധീർ ധാവ്‌ലികറിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി(എംജിപി)യിൽ പ്രവീൺ അംഗത്വമെടുക്കുമെന്നാണ് അറിയുന്നത്.

എംജിപിക്കൊപ്പം തെരഞ്ഞെടുപ്പ് ഗോദയിലേക്ക്

ഗോവയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ഹരീഷ് പ്രഭു സാന്റ്യെയുടെ മകനാണ് പ്രവീൺ സാന്റ്യെ. മുൻ ഗോവ വിദ്യാഭ്യാസ മന്ത്രിയും പാർലമെന്റ് അംഗവുമായിരുന്നു ഹരീഷ് പ്രഭു. മേമിലെ എംഎൽഎയായിരുന്ന പ്രവീൺ നേരത്തെ കോൺഗ്രസ് വിട്ടാണ് ബിജെപിയിലെത്തുന്നത്. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് വിട്ടത്. പിന്നീട് 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബിജെപി പാളയത്തിലെത്തുന്നത്.

1991 മുതൽ 1996 വരെ നോർത്ത് ഗോവയിൽനിന്നുള്ള പാർലമെന്റ് അംഗവും 2002 മുതൽ 2007 വരെ മേമിൽനിന്നുള്ള നിയമസഭാ അംഗവുമായിരുന്നു പ്രവീണിന്റെ പിതാവ് ഹരീഷ് പ്രഭു. ബിജെപി അംഗത്വം സ്വീകരിച്ചതിനു പിന്നാലെ മേമിൽ തന്നെയാണ് പ്രവീണിനും നിയമസഭാ ടിക്കറ്റ് ലഭിച്ചത്. ഇപ്പോൾ ബിജെപി വിടാൻ പ്രത്യേക കാരണമൊന്നും പ്രവീൺ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ദിവസം തന്നെ എംജിപി നേതാക്കളെ കണ്ട് അംഗത്വമെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസുമായി ചേർന്ന് തെരഞ്ഞെടുപ്പ് നേരിടാനാണ് എംജിപി നീക്കം.


ബിജെപി വിടുന്ന മൂന്നാമത്തെ ക്രിസ്ത്യൻ ജനപ്രതിനിധി

ബിജെപി പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് മന്ത്രി മൈക്കൽ ലോബോ രാജിവച്ചത്. ബിജെപി വിടുന്ന ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ള മൂന്നാമത്തെ എംഎൽഎയാണ് ലോബ്. അലീന സൽദാന, കാർലോസ് അൽമേഡ എന്നീ ക്രിസ്ത്യൻ എംഎൽഎമാർ കഴിഞ്ഞ മാസവും പാർട്ടി വിട്ടിരുന്നു.

ബിജെപിയുടെ പ്രവർത്തനത്തിൽ താനും പ്രവർത്തകരും അതൃപ്തരാണെന്നും അതുകൊണ്ടാണ് രാജിവെയെന്നും മൈക്കൽ ലോബോ പ്രതികരിച്ചത്. കത്തോലിക്കാ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള കലാങ്കൂത്ത് മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധിയാണ് മൈക്കൽ ലോബോ. പ്രമോദ് സാവന്ത് മന്ത്രിസഭയിലെ ഏറ്റവും പ്രബലനായ മന്ത്രിയായിരുന്നു അദ്ദേഹം.

ഫെബ്രുവരി 14നാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനു മുൻപുള്ള ഗോവയിലെ അടിയൊഴുക്ക് ബിജെപിക്ക് എതിരാണെന്നാണ് പുതിയ കൂടുമാറ്റങ്ങൾ സൂചിപ്പിക്കുന്നത്.

Summary: MLA Pravin Zantye has quit the BJP hours after Goa minister Michael Lobo quit the party, as the state is getting ready for assembly elections on February 14.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News