മിസോറാം നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട്

രണ്ട് സീറ്റുകൾ ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.

Update: 2023-10-11 01:21 GMT
Advertising

ഐസ്വാൾ: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട്. രണ്ട് സീറ്റുകൾ ഒഴികെ ബാക്കി എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെയും മീസോ നാഷണൽ ഫ്രണ്ട് പ്രഖ്യാപിച്ചു. മുഖ്യപ്രതിപക്ഷമായ സോറം പീപ്പിൾസ് മൂവ്മെൻ്റിന് ഒപ്പം കോൺഗ്രസും മത്സരരംഗത്തുണ്ട്. 

മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മത്സരമാണ് വടക്ക് കിഴക്കൻ സംസ്ഥാനമായ മിസോറാമിൽ ഇത്തവണ നടക്കുക. വിവിധ ഗോത്ര വിഭാഗങ്ങൾക്ക് ആധിപത്യമുള്ള സംസ്ഥാനത്ത് മുൻതൂക്കം പ്രാദേശിക പാർട്ടികൾക്കാണ്. മിസോറാമിൽ അധികാരത്തിൽ തിരിച്ചെത്താനുള്ള തീവ്രശ്രമം കോൺഗ്രസിൻ്റെ ഭാഗത്ത് നിന്നുണ്ടെങ്കിലും സാഹചര്യം അനുകൂലമല്ലെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. 

മിസോ നാഷണൽ ഫ്രണ്ടിന് ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ സാധിക്കുമെന്നും പ്രവചനമുണ്ട്. നാൽപതംഗ നിയമസഭയിലേക്ക് 38 സ്ഥാനാർഥികളെയും പ്രഖ്യാപിച്ച എംഎൻഎഫ് പ്രചാരണ രംഗത്തും ഏറെ മുന്നിലാണ്. മുഖ്യ പ്രതിപക്ഷമായ സോറം പീപ്പിൾസ് മൂവ്മെൻ്റിന് മുൻതൂക്കമുള്ള റ്റുവായിങ് ഉൾപ്പടെയുള്ള മണ്ഡലങ്ങളിലാണ് ഇനി തീരുമാനമാകാനുള്ളത്.

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ഹിതപരിശോധന കൂടിയാകുമെന്നും വിലയിരുത്തലുണ്ട്. എൻഡിഎ സഖ്യകക്ഷിയാണ് ഭരിക്കുന്നതെങ്കിലും ബിജെപിക്ക് മിസോറാമിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 2018ൽ നേടിയ ഒരു സീറ്റിനപ്പുറത്തേക്ക് ബിജെപിക്ക് വലിയ വളർച്ച ഉണ്ടാകില്ലെന്നാണ് അഭിപ്രായ സർവേകൾ നൽകുന്ന സൂചന.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News