'കോൺഗ്രസ് പ്രകടനപത്രികയിൽ ലീഗിന്റെ മുദ്ര'; ആരോപണം ആവർത്തിച്ച് മോദി

'കോണ്‍ഗ്രസ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ന്യൂനപക്ഷ സ്ഥാപനങ്ങളാക്കി മാറ്റുന്നു'

Update: 2024-05-28 08:33 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുസ്‌ലിം ലീഗിന്റെ മുദ്രയുണ്ടെന്ന ആരോപണം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കായിക മേഖലയിൽ വരെ ന്യൂനപക്ഷങ്ങൾക്ക് സംവരണം കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. വാർത്താ ഏജൻസി എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ പ്രകടനപത്രിക (കോൺഗ്രസ്) എന്നെ ഞെട്ടിച്ചു. അത് ആദ്യമായി കണ്ട വേളയിൽ തന്നെ ഇതിൽ മുസ്‌ലിം ലീഗിന്റെ മുദ്രയുണ്ടല്ലോ എന്ന് ആലോചിച്ചു. അവരിൽ നിന്ന് ഉത്തരം കിട്ടാതായപ്പോൾ ഞാൻ ഓരോന്നോരാന്നായി തുറന്നു കാണിച്ചു. ഉദാഹരണത്തിന്, രാജ്യത്ത് കായിക മേഖലയിൽ ന്യൂനപക്ഷത്തിന് സംവരണം വേണമെന്ന് അവർ പറയുന്നു. ഇന്ന്, പഞ്ചാബിൽ നിന്നുള്ള കുട്ടികൾ സ്‌പോർട്‌സിൽ മികവു പുലർത്തുന്നുണ്ട്. ബംഗാളിൽനിന്നുള്ള യുവാക്കൾ ഫുട്‌ബോൾ മിടുക്കരാണ്. ഉത്തർപ്രദേശിലെ യുവാക്കൾ അത്‌ലറ്റിക്‌സിൽ നല്ല പ്രകടനം നടത്തുന്നു. ഇത് ന്യൂനപക്ഷങ്ങള്‍ക്ക് കൈമാറും എന്നാണ് കോൺഗ്രസ് പറയുന്നത്. അപ്പോൾ കഠിനാധ്വാനം ചെയ്യുന്ന നമ്മുടെ ചെറുപ്പക്കാർ എവിടെ പോകും? അവർക്ക് എന്തു സംഭവിക്കും'- മോദി ചോദിച്ചു.

പിന്നാക്ക വിഭാഗങ്ങളോട് വലിയ അനുകമ്പ കാണിക്കുന്നവർ അവരുടെ ഏറ്റവും വലിയ ശത്രുക്കളാണെന്ന് മോദി പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പട്ടിക ജാതി- പട്ടിക വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംവരണം എടുത്തു കളയും. അത് ന്യൂനപക്ഷങ്ങൾക്ക് നൽകും- അദ്ദേഹം ആരോപിച്ചു.

'അവർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വേഗത്തിൽ ന്യൂനപക്ഷ സ്ഥാപനങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടതിന്റെ സംവരണം എടുത്തു കളയുന്നു. ഉദാഹരണത്തിന്, ഡൽഹിയിൽ ജാമിഅ മില്ലിയ്യയെ ന്യൂനപക്ഷ സ്ഥാപനമാക്കി. അവിടെ സംവരണം നഷ്ടപ്പെട്ടു. പ്രവേശനത്തെയും ജോലിയെയും ബാധിച്ചു. ഇത്തരത്തിൽ പതിനായിരത്തോളം സ്ഥാപനങ്ങളുടെ എസ്.സി, ഒബിസി സംരക്ഷണം അവർ ഇല്ലാതാക്കിയിട്ടുണ്ട്.' - മോദി പറഞ്ഞു.

സർക്കാർ ടെണ്ടറുകൾ വരെ ന്യൂനപക്ഷങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി.

'ഇന്നൊരു പാലം നിർമിക്കുകയാണെന്ന് കരുതുക. ആരാണ് അത് നിർമിക്കുക. ട്രാക്ക് റെക്കോഡുള്ള, വിഭവവും ശേഷിയുമുള്ള ആൾക്കാണ് ടെണ്ടർ നൽകുക. അപ്പോഴേ അത് പൂർത്തിയാകൂ. അവരിത് പറയുന്നില്ല. മത്തിന്റെ അടിസ്ഥാനത്തിൽ ടെണ്ടറുകൾ നൽകിയാൽ എന്തു സംഭവിക്കും. പാലം തകർന്ന് ആളുകൾ മരിച്ചാൽ ആരാണ് അതിന് ഉത്തരവാദിത്വമേൽക്കുക. വോട്ടു ബാങ്കിനു വേണ്ടി അടുത്ത തലമുറയെ നശിപ്പിക്കേണ്ടതുണ്ടോ? വോട്ടുബാങ്കിനു വേണ്ടി കോൺഗ്രസ് കളിക്കുന്ന കളികളാണിത്. അതുകൊണ്ടു തന്നെ ഒബിസി, എസ്.സി, എസ്,ടികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്'- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News