വ്യാജ 'സമാജ്‍വാദികള്‍' ദലിതുകളുടെ ഭൂമി കയ്യേറി: പ്രധാനമന്ത്രി
"അംബേദ്കറുടെ പേര് പറഞ്ഞാണ് അവർ വോട്ട് ചോദിക്കുന്നത്. ഇക്കൂട്ടർ ഭൂമാഫിയകൾക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് കൊടുക്കുന്നത്"
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‍വാദി പാർട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി. സോഷ്യലിസ്റ്റുകളെന്ന് അവകാശപ്പെടുന്ന വ്യാജന്മാർ ദലിതുകളുടെ ഭൂമി കയ്യേറിയെന്ന് നരേന്ദ്രമോദി ആരോപിച്ചു. രാംപൂർ മണ്ഡലത്തിലെ വോട്ടർമാരെ അഭിമുഖീരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"വ്യാജസമാജ്‍വാദികൾ ദലിതുകളുടെ ഭൂമി കയ്യേറി. എന്നിട്ടിപ്പോൾ അംബേദ്കറുടെ പേര് പറഞ്ഞാണ് അവർ വോട്ട് ചോദിക്കുന്നത്. ഇക്കൂട്ടർ ഭൂമാഫിയകൾക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് കൊടുക്കുന്നത്. ഇവർ സീറ്റ് നൽകിയത് മുഴുവന്‍ ബാബാസാഹിബ് അംബേദ്കറെ അപമാനിച്ചവർക്കാണ്. 2017 ന് മുമ്പ് ഉത്തർ പ്രദേശ് വലിയ വഞ്ചനകളിൽ അകപ്പെട്ടിരിക്കുകയായിരുന്നു. യോഗിയാണ് ഉത്തര്‍പ്രദേശിനെ രക്ഷിച്ചത്"- നരേന്ദ്ര മോദി പറഞ്ഞു
ഉത്തര്‍പ്രദേശില്‍ ചിലർ ജാതീയത പ്രചരിപ്പിക്കുമ്പോൾ മറ്റു ചിലർ ഗുണ്ടാ രാജാണ് പ്രചരിപ്പിക്കുന്നത്. ഇവരെ തിരിച്ചു വരാൻ അനുവദിക്കരുത് എന്നും ബി.ജെ.പി യെ വീണ്ടും ഭരണത്തിലേറ്റണമെന്നും മോദി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഭൂമാഫിയകളെ നിലക്കു നിർത്തിയതും ഗുണ്ടാരാജ് അവസാനിപ്പിച്ചതും യോഗിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.