മൂന്ന് ലക്ഷം കടന്ന് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍
24 മണിക്കൂറിനിടെ 3,17,532 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു
ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകൾ മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,17,532 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 16.41 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 419 മരണവും സ്ഥിരീകരിച്ചു. രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 9287 ആയി.
രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 38,218,773 ആയി. നിലവില്‍ രോഗബാധിതരായി തുടരുന്നവരുടെ എണ്ണം 1,924,051 ആണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,87,693 ആയി. 1.29 ശതമാനമാണ് മരണ നിരക്ക്.
എല്ലാ കോവിഡ് കേസുകളും ജീനോം പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ല. എങ്കിലും ഇപ്പോള്‍ കോവിഡ് നിരക്ക് കുത്തനെ ഉയരാന്‍ കാരണം ഒമിക്രോണ്‍ ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
2020 ആഗസ്ത് 7നാണ് കോവിഡ് കേസുകള്‍ 20 ലക്ഷം കടന്നത്. ആഗസ്ത് 23ന് 30 ലക്ഷവും സെപ്തംബർ 5ന് 40 ലക്ഷവും സെപ്തംബർ 16ന് 50 ലക്ഷവും പിന്നിട്ടു. സെപ്തംബർ 28ന് 60 ലക്ഷവും ഒക്ടോബർ 11ന് 70 ലക്ഷവും ഒക്ടോബർ 29ന് 80 ലക്ഷവും നവംബർ 20ന് 90 ലക്ഷവും ഡിസംബർ 19ന് ഒരു കോടിയും പിന്നിട്ടു. 2021 മെയ് 4ന് രണ്ട് കോടിയും ജൂൺ 23ന് മൂന്ന് കോടിയും പിന്നിട്ടു.