വീട്ടില്‍ ഉറങ്ങുകയായിരുന്ന അമ്മക്കും മകള്‍ക്കും നേരെ അജ്ഞാതരുടെ ആസിഡ് ആക്രമണം

മുഖത്തും കൈക്കും പൊള്ളലേറ്റ ഇവരെ സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2024-01-11 05:37 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ യുവതിക്കും(27)മൂന്നു വയസുകാരിയായ മകള്‍ക്കും നേരെ ആസിഡ് ആക്രമണം. സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അമ്മക്കും മകള്‍ക്കുനേരെ അജ്ഞാതരായ രണ്ടുപേര്‍ ആസിഡ് ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു. മുഖത്തും കൈക്കും പൊള്ളലേറ്റ ഇവരെ സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ടാണ് സംഭവം. അമേഠിയിലെ ഗൗരി ഗഞ്ച് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ശുഭവത്പൂർ ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് അമേഠി അഡീഷണൽ പൊലീസ് സൂപ്രണ്ട് (എഎസ്പി), ഹരേന്ദ്ര കുമാർ പറഞ്ഞു.തന്നെയും മകളെയും ആക്രമിച്ച് ഫോൺ തട്ടിപ്പറിച്ച ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടതായി ഭാൻമതി ലോധി എന്ന സ്ത്രീ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഫോറൻസിക് ഉദ്യോഗസ്ഥരും പൊലീസ് സംഘവും കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചതായി എഎസ്പി പറഞ്ഞു.

ഉത്തർപ്രദേശിൽ ആസിഡിന്‍റെ തുറന്ന വിൽപന തടയാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ അലഹബാദ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട അതേ ദിവസം തന്നെയാണ് ആസിഡ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ആസിഡ് തുറന്ന വിൽപന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നവ്യാ കേശർവാണിയും മറ്റ് നിയമ വിദ്യാർത്ഥികളും സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.ഇത്തരം ആക്രമണങ്ങൾക്ക് ഇരയായവർക്ക് എത്ര നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും സർക്കാർ വെളിപ്പെടുത്തണമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മനോജ് കുമാർ ഗുപ്ത, ജസ്റ്റിസ് ക്ഷിതിജ് ശൈലേന്ദ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സര്‍ക്കാരിന്‍റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന എല്ലാ ആസിഡ് ആക്രമണങ്ങളുടെയും വിശദാംശങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News