ഭര്‍ത്താവ് ആസിഡ് കുടിപ്പിച്ച യുവതിയുടെ ആന്തരികാവയവങ്ങള്‍ ഉരുകി: പൊലീസിനെ തിരുത്തി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ
ദുർബലമായ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. സ്വാതി മാലിവാളിന്‍റെ ഇടപെടലിന് പിന്നാലെ ആസിഡ് ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി
ഭർത്താവും ഭർതൃ സഹോദരിയും ചേർന്ന് യുവതിയെ ബലംപ്രയോഗിച്ച് ആസിഡ് കുടിപ്പിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ആന്തരികാവയവങ്ങള്‍ ഉരുകി ഗുരുതരാവസ്ഥയിലായ യുവതിയെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂൺ 28നാണ് സംഭവമുണ്ടായത്. മധ്യപ്രദേശിലെ രാംഗര്‍ ഗ്രാമത്തിലാണ് യുവതിയും ഭര്‍ത്താവും താമസിക്കുന്നത്. അയല്‍വാസികളാണ് യുവതിയെ ആസിഡ് അകത്തുചെന്ന നിലയില്‍ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ദുർബലമായ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ആസിഡ് ആക്രമണം എന്ന് പോലും ചേര്‍ത്തില്ല. ജൂലൈ 18ന് യുവതിയെ അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ ആന്തരികാവയവങ്ങള്‍ ഉരുകിയ നിലയിലാണ്. രക്തം ഛർദിക്കുന്നു. വെള്ളം പോലും കുടിക്കാനാവാത്ത അവസ്ഥ. സബ് ഡിവിഷനൽ മജിസ്ട്രേറ്റ് യുവതിയുടെ മൊഴിയെടുത്തു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഇതു ചോദ്യംചെയ്തതിന് പിന്നാലെയാണ് ആസിഡ് ബലം പ്രയോഗിച്ച് കുടിപ്പിച്ചതെന്നും യുവതി മൊഴി നല്‍കി.
ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാള്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കര്‍ശന നടപടി ആവശ്യപ്പെട്ട് സ്വാതി മാലിവാള്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തെഴുതി. ഡൽഹി വനിതാ കമ്മിഷന്‍റെ ഹെൽപ്‌ലൈനിൽ ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടർന്നാണ് സ്വാതി മാലിവാള്‍ ഇടപെട്ടത്. സ്വാതി മാലിവാളിന്‍റെ ഇടപെടലിന് പിന്നാലെ ആസിഡ് ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ കൂടി പൊലീസ് ചുമത്തി.