യു.പി മുൻ എം.എൽ.എ മുഖ്താർ അൻസാരിക്ക് 10 വർഷം തടവ്
സ്വതന്ത്രനായും ബി.എസ്.പി ടിക്കറ്റിലുമായി അഞ്ച് തവണ എം.എൽ.എ ആയിട്ടുള്ള വ്യക്തിയാണ് മുഖ്താർ അൻസാരി.
ലഖ്‌നോ: യു.പി മുൻ എം.എൽ.എ മുഖ്താർ അൻസാരിയെ ഗാസിപൂർ കോടതി 10 വർഷം തടവിന് ശിക്ഷിച്ചു. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ കേസുകളിലാണ് ശിക്ഷ വിധിച്ചത്. ഇത് കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ബി.ജെ.പി എം.എൽ.എ കൃഷ്ണാനന്ദ് റായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് മുഖ്താർ അൻസാരിയെ ശിക്ഷിച്ചത്. ഇതേ കേസിൽ പ്രതിയായ മുഖ്താർ അൻസാരിയുടെ സഹോദരനും ബി.എസ്.പി എം.പിയുമായ അഫ്‌സൽ അൻസാരിയുടെ ശിക്ഷ പിന്നീട് വിധിക്കും.
യു.പിയിൽ ഗുണ്ടാരാജ് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ജുഡീഷ്യറിൽ വിശ്വാസമുണ്ടെന്നും കൃഷ്ണാനന്ദ് റായിയുടെ ഭാര്യ അൽക റായ് പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിൽ മുഖ്താർ അൻസാരിയെയും അദ്ദേഹത്തിന്റെ സഹായി ഭീം സിങ്ങിനെയും ഗാസിപൂർ കോടതി കൊലപാതകക്കേസിൽ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയ കേസിലാണ് അന്ന് അൻസാരിക്ക് ശിക്ഷ വിധിച്ചത്.