മരുമകൾക്ക് പിന്നാലെ മുലായം സിങ് യാദവിന്റെ ഭാര്യാസഹോദരനും ബി.ജെ.പിയിൽ ചേർന്നു
സമാജ് വാദി പാർട്ടി മാഫിയകൾക്കും ക്രിമിനലുകൾക്കും അഭയം നൽകുകയാണെന്നും അത്തരമൊരു പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്നും ഗുപ്ത പറഞ്ഞു.
ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കൂടുതൽ നാടകീയ നീക്കങ്ങൾ. സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ ഭാര്യാ സഹോദരനും മുൻ എം.എൽ.എയുമായ പ്രമോദ് ഗുപ്ത ബി.ജെ.പിയിൽ ചേർന്നു. മുലായത്തിന്റെ മരുമകൾ അപർണ യാദവ് കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു.
സമാജ് വാദി പാർട്ടി മാഫിയകൾക്കും ക്രിമിനലുകൾക്കും അഭയം നൽകുകയാണെന്നും അത്തരമൊരു പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്നും ഗുപ്ത പറഞ്ഞു. മുലായം സിങ് യാദവിനെ അഖിലേഷ് ജയിലിലടച്ചു. അദ്ദേഹത്തെയും ശിവ്പാലിനെയും അഖിലേഷ് പീഡിപ്പിച്ചെന്നും പ്രമോദ് ഗുപ്ത ആരോപിച്ചു.
അതിനിടെ യു.പിയിൽ കോൺഗ്രസിന്റെ വനിതാ മുഖമായിരുന്ന പ്രിയങ്ക മൗര്യയും ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസിന്റെ 'ലഡ്കി ഹൂം ലാഡ് സക്തി ഹൂം' എന്ന ക്യാമ്പയിന്റെ മുഖമായിരുന്നു മൗര്യ. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തി വരുന്ന ക്യാമ്പയിനാണ് 'ലഡ്കി ഹൂം ലാഡ് സക്തി ഹൂം'. ക്യാമ്പയിൻ വലിയ തരംഗമാകും എന്ന് കരുതിയിരിക്കവെയാണ് ഈ തിരിച്ചടി. യുപി തെരഞ്ഞെടുപ്പിൽ പ്രിയങ്ക മൗര്യ കോൺഗ്രസിന്റെ വനിതാ ക്യാമ്പയിന് നേതൃത്വം നൽകുമെന്ന് കരുതിയിരിക്കവെയാണ് അപ്രതീക്ഷിതമായി പാർട്ടി വിടാൻ ഒരുങ്ങുന്നത്. കോൺഗ്രസ് ഇവർക്ക് മത്സരിക്കാൻ ടിക്കറ്റ് നൽകിയിരുന്നില്ല. ടിക്കറ്റ് നിഷേധിച്ചതിന്റെ നിരാശയിലാണ് പ്രിയങ്ക മൗര്യ പാർട്ടി വിടുന്നത്. കോൺഗ്രസിന്റെ ടിക്കറ്റ് വിതരണത്തിൽ കൃത്രിമമുണ്ടെന്ന് നേരത്തെ പ്രിയങ്ക മൗര്യ ആരോപിച്ചിരുന്നു.
യു.പി നിയമസഭയുടെ 403 മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് മൂന്ന് തിയ്യതികളിലാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10 നാണ് വോട്ടെണ്ണൽ.