പശുക്കടത്ത് ആരോപിച്ച് കൊലപാതകം; യുവാക്കളുടെ ഖബറിനരികില്‍ കുടുംബത്തിന്‍റെ സമരം തുടരുന്നു
കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം
ഛണ്ഡിഗഢ്: ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് യുവാക്കളെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് കുടുംബം നടത്തുന്ന സമരം തുടരുന്നു. കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശികളായ ജുനൈദിന്റെയും നസീറിന്റെയും ഖബറിനരികിലാണ് പ്രതിഷേധം. ഒളിവിൽ കഴിയുന്ന പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു .
കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം. കുടുംബത്തിന് പിന്തുണയുമായി നാട്ടുകാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കേസ് അന്വേഷണത്തിൽ പൊലീസ് അലംഭാവം കാണിക്കുന്നതായും കുടുംബം ആരോപിച്ചു. ജിർക്കി പോലീസിനെതിരെയുള്ള ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ജിർക്കി പൊലീസിനെതിരായ ആരോപണത്തിൽ എ.എസ്.പി ഉഷ കുണ്ഡുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കൊല്ലപ്പെടുന്നതിന് മുമ്പ് ഇരുവരും ജിർക്കി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നുവെന്ന പിടിയിലായ പ്രതിയുടെ റിങ്കു സൈനിയുടെ മൊഴിയും യുവാക്കളെ പൊലീസ് മർദിച്ചുവെന്ന കുടുബത്തിന്റെ ആരോപണവുമാണ് അന്വേഷിക്കുന്നത്. അതേ സമയം, കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഫയൽ ചെയ്ത ഗോപാൽഗഡ് സ്റ്റേഷനിലെ എസ്എച്ച്ഒ രാം നരേഷിന്റെ വീഡിയോ ദേശിയ മാധ്യമം പുറത്തുവിട്ടു. തെളിവ് നശിപ്പിക്കാൻ രണ്ട് മുസ്‌ലിം ചെറുപ്പക്കാരെ ചുട്ടുകൊന്നതായും ബജ്രംഗ്ദൾ നേതാവ് മോനുമനേസറിന്റെ പങ്കിനെ കുറിച്ചും എസ്എച്ച്ഒ വീഡിയോയിൽ പറയുന്നു.
കേസിലെ പ്രതികളായ അഞ്ചുപേരിൽ ഒരാളെ മാത്രമാണ് പിടികൂടാൻ സാധിച്ചിട്ടുള്ളു. മുഖ്യപ്രതിയായ ബജ്രങ്ദൾ നേതാവ് മോനു മനേസിർ ഉൾപ്പെടെയുള്ളവർ ഇപ്പോഴും ഒളിവിലാണ്. പ്രതികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാണ് തിരച്ചിലെന്ന് അന്വേഷണ സംഘം പറഞ്ഞു.