വെടിയുതിര്‍ത്ത ശേഷം മകന്‍ ജീവനോടെ അമ്മയെ മുറിയില്‍ പൂട്ടിയിട്ടു, മരിച്ചോ എന്ന് ഇടയ്ക്കിടെ പരിശോധിച്ചു; ലക്നൗവിലെ പബ്ജി കൊലപാതകത്തിന് ശേഷം നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍
മൂന്നു ദിവസത്തോളം അമ്മയുടെ മൃതദേഹം മുറിയില്‍ ഒളിപ്പിച്ചുവച്ചതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു
ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ പബ്ജി ഗെയിം കളിക്കുന്നത് തടഞ്ഞ അമ്മയെ മകന്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം നാടിനെയാകെ ഞെട്ടിച്ചിരുന്നു. അച്ഛന്‍റെ തോക്ക് ഉപയോഗിച്ചാണ് കുട്ടി അമ്മയെ കൊന്നത്. വെടിയുതിര്‍ത്തതിന് ശേഷം മകന്‍ അമ്മയെ ഒരു മുറിയില്‍ പൂട്ടിയിട്ടതായി പൊലീസ് പറയുന്നു.
മൂന്നു ദിവസത്തോളം അമ്മയുടെ മൃതദേഹം മുറിയില്‍ ഒളിപ്പിച്ചുവച്ചതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യം നടന്ന ശേഷം അമ്മയെ മകന്‍ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. മരിച്ചോ എന്നറിയാന്‍ ഇടയ്ക്കിടെ പരിശോധിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ മുറി തുറന്നുനോക്കിയപ്പോഴും അമ്മയ്ക്ക് ജീവനുണ്ടായിരുന്നുവെന്നും ശ്വസിക്കുന്നുണ്ടായിരുന്നുവെന്നും മകന്‍ പൊലീസിനു മൊഴി നല്‍കി. രാവിലെ ആരെയെങ്കിലും അറിയിച്ചിരുന്നെങ്കിൽ അമ്മയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിനു ശേഷം ഇളയ സഹോദരിയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് ഒരു കുറ്റബോധവുമില്ലാതെ കുട്ടി പബ്ജി കളി തുടരുകയും ചെയ്തു. കൊലപാതകത്തിന് പിന്നാലെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇലക്‌ട്രീഷ്യനെക്കുറിച്ച് കുട്ടി വ്യാജ കഥ മെനഞ്ഞിരുന്നെന്നും പൊലീസ് പറയുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചു. പബ്ജി കളിക്കാന്‍ അനുവദിക്കാത്തതിന് അമ്മയോട് ദേഷ്യപ്പെടുകയും അച്ഛന്‍റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മൃതദേഹം സംസ്കരിക്കാന്‍ സഹായിക്കണമെന്ന് കുട്ടി തന്‍റെ സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സഹായം തേടിയത്. സംഭവം ആരോടും പറയാതിരിക്കാന്‍ 5000 രൂപ നല്‍കാമെന്ന് വാഗ്ദാനവും ചെയ്തിരുന്നു.