തെലങ്കാനയിൽ മുസ്‌ലിം വോട്ടുകൾ നിർണായകം; ബി.ആർ.എസ് അനുകൂല നിലപാടിൽ മാറ്റമുണ്ടായേക്കുമെന്ന് സൂചന

ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ബി.ആർ.എസ് ബി.ജെ.പിയുടെ സഖ്യകക്ഷിയെന്ന ആരോപണം ശക്തമാക്കിയിട്ടുണ്ട്.

Update: 2023-09-24 01:56 GMT
Advertising

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ മുസ്‌ലിം വോട്ടുകൾ നിർണായകം. ജനസംഖ്യയുടെ 13 ശതമാനം വരുന്ന മുസ്‌ലിം വോട്ടുകൾക്ക് തെലങ്കാന തെരഞ്ഞെടുപ്പിൽ നിർണായക പങ്കാണുള്ളത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ഭരണകക്ഷിയായ ബി.ആർ.എസിനൊപ്പം നിന്ന മുസ്‌ലിം വോട്ടുകളിൽ ഇത്തവണ മാറ്റുമുണ്ടാകുമോ എന്നാണ് രാഷ്ട്രീയ നീരീക്ഷകർ നോക്കുന്നത്.

മുഖ്യമന്ത്രി കെ.സി.ആറിന്റെ മുസ്‌ലിം സമദായവുമായുള്ള ബന്ധവും അസദുദ്ദീൻ ഉവൈസിയുടെ മജ്‌ലിസ് പാർട്ടിയുമായുള്ള സഹകരണവുമാണ് മുസ്‌ലിം വോട്ടുകൾ ഭരണകക്ഷിയായ ബി.ആർ.എസിന് അനുകൂലമാകാൻ കാരണം. ഈ രണ്ട് ഘടകത്തിനും ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ല. ഈ വർഷം അവസാനം നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിഭാഗത്തിന് ബി.ആർ.എസ് മൂന്ന് സീറ്റ് മാത്രം അനുവദിച്ചത് പ്രതികൂല ഘടകമായി മാറുമോ എന്ന സംശയം പലർക്കുമുണ്ട്.

തെലങ്കാന സമരത്തിൽ തുടങ്ങിയ മുസ്‌ലിം വിഭാഗവുമായുള്ള ബന്ധം ഭരണം ലഭിച്ച ശേഷവും കെ. ചന്ദ്രശേഖർ റാവു തുടരുന്നുണ്ട്. ഉറുദുവിനെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനമാണ് തെലങ്കാന. നിയമസഭക്കകത്തെ പ്രസംഗങ്ങളിൽ പോലും കെ.സി.ആർ ഉറുദുവിനെ ഒഴിവാക്കാറില്ല. സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി നടത്തുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളെ തുറന്നെതിർക്കുന്നതിൽ കെ.സി.ആർ മുമ്പിൽ നിൽക്കുന്നതും മുസ്‌ലിം വിഭാഗത്തെ സ്വീധീനിക്കുന്നു.

തെലങ്കാനയിലെ പ്രധാന മുസ്‌ലിം പാർട്ടിയായ അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ ബി.ആർ.എസുമായി സഹകരിക്കുന്ന പാർട്ടിയാണ്. ഹൈദരാബാദിലെ ഏഴു സീറ്റുകളിലും സ്ഥിരമായി വിജയിക്കുന്ന എം.ഐ.എം മത്സരിക്കാത്ത സീറ്റുകളിൽ ബി.ആർ.എസിന് പിന്തുണ നൽകും. എന്നാൽ മുസ്‌ലിം സ്ഥാനാർഥകൾക്ക് സീറ്റം നൽകുന്നതിലെ ബി.ആർ.എസിന്റെ പിശുക്ക് മുസ്‌ലിം സമുദായത്തിനകത്ത് ചർച്ചയാണ്. 13 ശതമാനം വരുന്ന മുസ്‌ലിം വിഭാഗത്തിന് ആകെ മൂന്നു സീറ്റാണ് ബി.ആർ.എസ് മാറ്റിവെച്ചിരിക്കുന്ന്. ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ബി.ആർ.എസ് ബി.ജെ.പിയുടെ സഖ്യകക്ഷിയെന്ന ആരോപണം ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലുൾപ്പെടെ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തതുൾപ്പെടെ ഉയർത്തിയാണ് കോൺഗ്രസ് പ്രചാരണം. ഇതൊക്കെ മുസ്‌ലിം വോട്ടുകളെ സ്വാധീനിക്കുമോ എന്നതാണണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News