'നാണക്കേട് കൊണ്ട് എന്റെ തല കുനിയുന്നു'; കാറിനടിയിൽ കുടുങ്ങിയ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർ

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു.

Update: 2023-01-02 03:01 GMT
Advertising

ന്യൂഡൽഹി: പുതുവത്സരാഘോഷത്തിനിടെ 20 കാരിയെ കാറിടിച്ച് വീഴ്ത്തി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും നാണക്കേട് കൊണ്ട് തന്റെ തല കുനിഞ്ഞുപോവുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

''സുൽത്താൻപുരിയിൽ ഇന്ന് രാവിലെ നടന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യം കേട്ട് നാണക്കേട് കൊണ്ട് എന്റെ തല കുനിഞ്ഞുപോകുന്നു. പ്രതികളുടെ പൈശാചികമായ പ്രവൃത്തി ഞെട്ടിക്കുന്നതാണ്. ഇത് സംബന്ധിച്ച് ഡൽഹി പൊലീസ് കമ്മീഷണറുമായി ബന്ധപ്പെട്ടിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് അറിഞ്ഞത്. സംഭവത്തിന്റെ എല്ലാ വശവും നിരീക്ഷിച്ചുവരികയാണ്''-സക്‌സേന ട്വീറ്റ് ചെയ്തു.

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് യുവതിയുടെ ശരീരം വലിച്ചിഴച്ച് നീങ്ങുന്ന കാറിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പിന്നാലെ നാലേകാലോടെ റോഡിൽ മരിച്ചനിലയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

കാറിൽ സഞ്ചരിച്ചവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കാർ സ്‌കൂട്ടറിൽ ഇടിച്ചിരുന്നെന്നും എന്നാൽ യുവതിയുടെ ശരീരം കാറിൽ കുടുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല എന്നുമാണ് കസ്റ്റഡിയിലുള്ള യുവാക്കളുടെ മൊഴി. കാർ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News