'പുടിന്റെ കണ്ണിലേക്ക് നോക്കി ഞാൻ പറഞ്ഞു: ഇത് യുദ്ധത്തിനുള്ള സമയമല്ല'; അവകാശവാദവുമായി മോദി

റമദാൻ മാസത്തില്‍ യുദ്ധം ചെയ്യരുതെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും മോദി അവകാശപ്പെട്ടു

Update: 2024-05-11 08:48 GMT
Editor : Shaheer | By : Web Desk
Looked Putin in the eyes and told this isnt the time for war: PM Narendra Modi claims on Russia-Ukraine war, Narendra Modi, Vladimir Putin, Russia-Ukraine war, Elections 2024, Lok Sabha 2024
AddThis Website Tools
Advertising

ന്യൂഡല്‍ഹി: റഷ്യയുടെ യുക്രൈൻ യുദ്ധത്തിൽ ഇടപെട്ടെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുടിനോട് മുഖത്തു നോക്കി യുദ്ധം പാടില്ലെന്നു താൻ പറഞ്ഞെന്നാണു മോദിയുടെ അവകാശവാദം. റമദാൻ മാസത്തില്‍ യുദ്ധം പാടില്ലെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും മോദി പറഞ്ഞു.

റിപബ്ലിക് ടി.വിയിൽ അർണബ് ഗോസ്വോമിക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവകാശവാദങ്ങൾ. യുക്രൈൻ യുദ്ധത്തിൽ മിക്ക രാജ്യങ്ങളും നിലപാട് എടുത്തിട്ടുണ്ടെന്നും എന്നാൽ, വളരെ കൃത്യമായി നിലപാട് അവതരിപ്പിച്ചത് നമ്മൾ മാത്രമേയുള്ളൂവെന്നും മോദി പറഞ്ഞത്. നമ്മൾ ആരുടെയും പക്ഷത്തല്ല. സമാധാനപക്ഷത്താണു നമ്മൾ. അതുകൊണ്ടുതന്നെ ആയുധ കൈമാറ്റത്തിനു വേണ്ടിയോ യുദ്ധത്തിനു വേണ്ടിയോ ഒന്നും സംസാരിക്കാത്ത ഏക സമൂഹം നമ്മളാണെന്ന വിശ്വാസം ലോകത്തിനുണ്ട്. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിന്റെ കണ്ണിൽ നോക്കി ഇതു യുദ്ധത്തിനുള്ള സമയമല്ലെന്നു പറയാനുള്ള ധൈര്യം എനിക്കുണ്ടായി. ഇന്ത്യ ലോകത്ത് സ്വന്തമായൊരു സ്ഥാനം സ്ഥാപിച്ചെടുത്തു കഴിഞ്ഞിട്ടുണ്ടെന്നും മോദി പറയുന്നു.

റമദാൻ മാസത്തിൽ ഗസ്സയിൽ ആക്രമണം നടത്തരുതെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നെന്നും മോദി അവകാശപ്പെട്ടു. ഗസ്സ മുനമ്പിൽ യാതന അനുഭവിക്കുന്നവർക്ക് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിരുന്നു. റമദാനിൽ പ്രത്യേക ദൗത്യസംഘത്തെ ഇസ്രായേലിലേക്ക് അയച്ചിരുന്നു ഞാൻ. ശത്രുത അവസാനിപ്പിക്കണമെന്ന് സംഘം ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടൊപ്പം മാനുഷിക സഹായങ്ങളും വാഗ്ദാനം ചെയ്തു. ഇസ്രായേലിലേക്ക് ദൗത്യസംഘത്തെ അയച്ച വിവരം ആർക്കും ഇതുവരെ അറിയില്ല. ഇതാദ്യമായാണ് ഞാനതു വെളിപ്പെടുത്തുന്നത്. നമ്മൾ അതു പറഞ്ഞ് വീരവാദം മുഴക്കുന്നില്ലെന്നു മാത്രം. അതാണു നമ്മുടെ രീതിയെന്നും മോദി പറഞ്ഞു.

വലിയ കാര്യങ്ങളെ കുറിച്ച് ഞാൻ പറയുന്നതു ശരിയല്ല. ഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്ന് ലോകത്തിന് അറിയാം. അതുകൊണ്ടാണ്, തെരഞ്ഞെടുപ്പാണെന്ന് അങ്ങോട്ടു പറഞ്ഞിട്ടും ജൂണിലും ആഗസ്റ്റിലും സെപ്റ്റംബറിലുമുള്ള പരിപാടികളിലേക്ക് എനിക്കു ക്ഷണം ലഭിച്ചിട്ടുണ്ട്. ജി7 ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽനിന്നുള്ളവരും ഇന്ത്യയുടെ പ്രാതിനിധ്യം ആഗ്രഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിൽ പുറത്തുവിട്ട ഹിന്ദു-മുസ്‌ലിം ജനസംഖ്യാമാറ്റത്തെ കുറിച്ചുള്ള റിപ്പോർട്ടും അഭിമുഖത്തിൽ മോദി ഏറ്റുപിടിക്കുന്നുണ്ട്. ഹിന്ദു ജനസംഖ്യാ ഇടിവും മുസ്‌ലിം ജനസംഖ്യാ വളർച്ചയും ഉയർത്തിക്കാട്ടി വിവിധ സമുദായങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന തരത്തിലായിരുന്നു മോദിയുടെ അഭിപ്രായപ്രകടനം. 1950നും 2015നും ഇടയിൽ ഹിന്ദു ജനസംഖ്യ 7.82 ശതമാനമാണു കുറഞ്ഞതെന്നും മുസ്‌ലിംകളുടേത് ഇതേ കാലത്ത് 43 ശതമാനം വർധിക്കുകയും ചെയ്‌തെന്നും മോദി പറയുന്നു. എല്ലാം ഉൾക്കൊള്ളുന്നതാണ് ഹിന്ദു സംസ്‌കാരം. ഇനിയും വ്യാജ ആഖ്യാനങ്ങൾ പ്രചരിക്കുന്നതിൽ അർഥമില്ല. ന്യൂനപക്ഷങ്ങൾ ഭീഷണിയിലാണെന്ന ആഖ്യാനം സൃഷ്ടിക്കുന്നവർ ആ റിപ്പോർട്ടിലേക്കു നോക്കുകയും വ്യാജ ബോധത്തിൽനിന്നു പുറത്തുവരണമെന്നും മോദി പറഞ്ഞു.

ഇന്ത്യ വസുദൈവ കുടുംബകം എന്ന തത്വശാസ്ത്രത്തിലാണ് അടിയുറച്ച് വിശ്വസിക്കുന്നത്. ഒരാളുടെയും ഒരിഞ്ചു ഭൂമി പോലും നമ്മൾ കവർന്നെടുത്തിട്ടില്ല. റിപ്പോർട്ട് പുറത്തുവന്നതോടെ എല്ലാ വ്യാജ പ്രചാരണങ്ങളും തകർന്നിരിക്കുകയാണ്. ഹിന്ദു ജനസംഖ്യയുടെ തകർച്ച ഇന്ത്യയുടെ മാത്രം ആശങ്കയല്ല. എല്ലാം ഉൾക്കൊള്ളുന്ന മഹത്തായ സംസ്‌കാരമാണത്. ഭാവിയിൽ ലോകത്ത് സന്തുലിതാവസ്ഥ സൃഷ്ടിക്കാൻ ഹിന്ദുക്കൾക്കാകും. ഹിന്ദു ജനസംഖ്യയെ എങ്ങനെ വർധിപ്പിക്കാമെന്ന കാര്യത്തിലാണ് ലോകം ആശങ്കപ്പെടേണ്ടതെന്നും മോദി ആവശ്യപ്പെട്ടു.

അഭിമുഖത്തിൽ കോൺഗ്രസിനെയും മോദി കടന്നാക്രമിച്ചു. സംവരണം ഉയർത്തിക്കാട്ടി പ്രാദേശിക പാർട്ടികളുടെ മുസ്‌ലിം വോട്ട് ബാങ്ക് തട്ടിയെടുക്കാനാണ് കോൺഗ്രസ് നീക്കമെന്ന് മോദി ആരോപിച്ചു. താൻ അധികാരത്തിലെത്തിയപ്പോൾ അന്വേഷണ ഏജൻസികൾക്ക് സമ്പൂർണമായ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. പാർട്ടിയോ വ്യക്തിയോ നോക്കാതെ നടപടി സ്വീകരിച്ചോളണമെന്നാണ് ഏജൻസികൾക്കു നൽകിയിട്ടുള്ള നിർദേശം. എന്റെ സന്ദേശം എന്റെ സർക്കാരിന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തുന്ന പ്രസ്താവന കൂടിയാണ്. വ്യക്തിപരമായ മൂല്യങ്ങളും പ്രതിബദ്ധതയും കൂടിയാണത്. രാജ്യം മുന്നോട്ടുപോകണമെങ്കിൽ വഞ്ചനയുടെ കളി അവസാനിപ്പിക്കണം. കള്ളപ്പണം പോലെ അഴിമതിയും തുടച്ചുനീക്കാനാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

Summary: 'Looked Putin in the eyes and told this isn't the time for war': PM Narendra Modi claims on Russia-Ukraine war

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News