'കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ നൽകണം'; നാളെ രാജ്യവ്യാപക കർഷക പ്രക്ഷോഭം
കർഷകർക്ക് നേരെ ഉണ്ടായ അതിക്രമത്തിൻ്റെ ബുദ്ധികേന്ദ്രം അമിത് ഷാ ആണെന്ന് കർഷക നേതാക്കൾ കുറ്റപ്പെടുത്തി
ഡൽഹി: ഹരിയാന പൊലീസ് നടപടിയിൽ കർഷകനായ യുവാവ് മരിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. അതിർത്തിയിൽ ഡൽഹി ചലോ മാർച്ച് നിർത്തിവെച്ച കർഷകർ നാളെ രാജ്യവ്യാപക പ്രക്ഷോഭം നടത്തും. കർഷകരുമായി ചില മന്ത്രിമാർ ചർച്ച നടത്തിയതായി കേന്ദ്ര സർക്കാർ അവകാശപ്പെട്ടു.
ഹരിയാന പഞ്ചാബ് അതിർത്തിയായ ഖനൗരിയിൽ കർഷകൻ മരിച്ചതിനെ തുടർന്നാണ് രണ്ട് ദിവസത്തേക്ക് ഡൽഹി ചലോ മാർച്ച് നിർത്തി വെക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചത്. എന്നാൽ സമരവുമായി മുന്നോട്ട് പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പഞ്ചാബിലെയും ഹരിയാനയിലെയും ദേശീയ പാതകൾ കർഷകർ ട്രാക്ടർ ഉപയോഗിച്ച് ഉപരോധിക്കും. അടുത്ത മാസം 14ന് ഡൽഹിയിലെ രാംലീലാ മൈതാനിയിലും കർഷകർ പ്രക്ഷോഭം നടത്തും. കർഷകർക്ക് നേരെ ഉണ്ടായ അതിക്രമത്തിൻ്റെ ബുദ്ധികേന്ദ്രം അമിത് ഷാ ആണെന്ന് കർഷക നേതാക്കൾ കുറ്റപ്പെടുത്തി. ഹരിയാന മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജി വെയ്ക്കണം എന്നാണ് കർഷക നേതാക്കളുടെ ആവശ്യം.
കർഷക വിരുദ്ധ നിലപാട് തിരുത്താൻ കേന്ദ്ര സർക്കാരിന് കർഷക സംഘടനകൾ നൽകിയ സമയം നാളെ തീരുന്ന സാഹചര്യത്തിലാണ് ചില കേന്ദ്ര മന്ത്രിമാർ കർഷക നേതാക്കളുമായി ചർച്ച നടത്തിയെന്ന് കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂർ അവകാശപ്പെട്ടത്.
അതേസമയം, കർഷക സമരത്തെ പിന്തുണയ്ക്കുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ഐടി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതായി സമൂഹ മാധ്യമ പ്ലാറ്റ്ഫോം എക്സ് വെളിപ്പെടുത്തി. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ എതിർപ്പുണ്ടെങ്കിലും ഉത്തരവ് പാലിക്കുമെന്ന് എക്സ് അറിയിച്ചു. ഹരിയാന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഹരിയാനയിൽ നടന്ന റോഡ് റെയിൽ ഉപരോധ സമരത്തിൽ സ്ത്രീകളും കുട്ടികളും പങ്കെടുത്തു. കർഷക സമരത്തിന് എത്തുന്ന വാഹനങ്ങൾ പഞ്ചാബ് പൊലീസ് തടയുകയാണെന്നും പഞ്ചാബ് സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.