എൻഡിഎയ്‌ക്കൊപ്പം ചേർന്ന് നവാബ് മാലിക്
എൻസിപിയുടെ തലമുതിർന്ന നേതാവും മുൻ മന്ത്രിയുമാണ് നവാബ് മാലിക്
മുംബൈ: മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിൽ ചേർന്ന് മുതിർന്ന നേതാവ് നവാബ് മാലിക്. കള്ളപ്പണക്കേസിൽ 18 മാസമായി ജയിലിലായിരുന്ന നവാബ് മാലിക് ഈയിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. എൻസിപിയുടെ തലമുതിർന്ന നേതാവും മുന്‍ മന്ത്രിയുമാണ് നവാബ് മാലിക്.
വ്യാഴാഴ്ച സഭയിലെത്തിയ നവാബ് മാലിക് ട്രഷറി ബഞ്ചിലാണ് ഇരുന്നത്. ഇതിന് മുമ്പ് ഉപമുഖ്യമന്ത്രി അജിത് പവാറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നവാബ് മാലികിന്റെ സ്ഥാനമാറ്റം പ്രതിപക്ഷം ചോദ്യം ചെയ്തു. ബിജെപി തീവ്രവാദി എന്നു വിളിച്ചയാളാണ് ഇപ്പോൾ അവർക്കൊപ്പം നിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അംബദാസ് ദാൻവെ പറഞ്ഞു.
നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും നവാബ് മാലിക് സംസാരിക്കാൻ കൂട്ടാക്കിയില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നവാബ് മാലികിനെ ഇഡി അറസ്റ്റു ചെയ്തത്. ജയിൽ മോചിതനായ ഇദ്ദേഹത്തെ സ്വീകരിക്കാൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ എത്തിയിരുന്നു.