"ആരും നിയമത്തിനതീതരല്ല" കങ്കണയ്ക്ക് മുന്നറിയിപ്പുമായി നവാബ് മാലിക്
കർഷക സമരത്തിനെ അധിക്ഷേപിച്ച ബോളിവുഡ് നടി കങ്കണ റാണവത്തിനു മുന്നറിയിപ്പുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. കർഷക സമരത്തെ ഖാലിസ്ഥാനി സമരമെന്നും സിഖ് സമുദായത്തെ തീവ്രവാദികളെന്നും വിളിച്ചാണ് കങ്കണ അധിക്ഷേപിച്ചത്.
കങ്കണയ്ക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സുരക്ഷ സംവിധാനത്തെ വിമർശിച്ച നവാബ് മാലിക് നിയമം മറികടക്കാൻ അതൊന്നും പോരാതെ വരുമെന്നും പറഞ്ഞു.
" കങ്കണ എല്ലാവരെയും അപഹസിക്കുന്ന രീതിയും.... നമ്മുടെ രാഷ്ട്രപിതാവിനെ നിന്ദിച്ചും... സ്വാതന്ത്ര്യം വ്യാജമാണെന്നും നമ്മളെല്ലാവരും ഭിക്ഷക്കാരുമാണെന്നും പറഞ്ഞത്... അവർ വിവിധ വിഭാഗങ്ങളിലെ ജനങ്ങളെ അധിക്ഷേപിക്കുന്നതാണ്." നവാബ് മാലിക് പറഞ്ഞതായി വാർത്ത ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
" ചിലരെ അവർ ഭീകരവാദികളെന്ന് വിളിച്ചു. ചിലരെ കൊതുകുകളെന്ന് വിളിച്ചു. ഇത് അനുവദിക്കാൻ കഴിയില്ല. ആരും നിയമത്തിന് അതീതരല്ല. അവർക്ക് സെഡ് കാറ്റഗറി സുരക്ഷയുണ്ടായിട്ടൊന്നും കാര്യമില്ല. അത്തരം സുരക്ഷയൊന്നും നിയമം നടപ്പാക്കുന്നതിന് തടസ്സമല്ല. നടപടിയുണ്ടാകും" - നവാബ് മാലിക് പറഞ്ഞു.
അതേസമയം, സിഖ് കർഷകരെ ഖാലിസ്ഥാനികളെന്ന് വിളിച്ചതിന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ മുംബൈ സബർബൻ ഖാർ പൊലിസ് കേസെടുത്തു. ഏതെങ്കിലും വർഗത്തിന്റെ മതത്തേയോ വിശ്വാസത്തേയോ അവഹേളിച്ച് വികാരങ്ങളെ വൃണപ്പെടുത്തുന്ന മനപ്പൂർവ ശ്രമങ്ങൾക്കെതിരെയുള്ള 295 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ തങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതായി കാണിച്ച് സിഖ് സമുദായാംഗങ്ങൾ നൽകിയ പരാതിയിലാണ് നടപടി. മുംബൈ കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന 47 കാരൻ അമർജിത്ത് സിങ് സൻദു, ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെൻറ് കമ്മിറ്റി, ശിരോമണി അകാലിദൾ നേതാക്കൾ എന്നിവരാണ് പരാതി നൽകിയിരുന്നത്.
Summary : Nawab Malik warns Kangana Ranaut "No one is above law"