നേപ്പാള്‍ വിമാന ദുരന്തം: അഞ്ച് ഇന്ത്യക്കാരടക്കം 45 മരണം

ലോക വ്യോമയാന പാതയിൽ ഏറ്റവും അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലൊന്നാണ് നേപ്പാൾ

Update: 2023-01-15 11:11 GMT
Advertising

പൊഖാറ: നേപ്പാളിൽ നടന്ന വിമാന അപകടത്തിൽ 45 പേർ മരിച്ചു. മരിച്ചതിൽ അഞ്ച് ആളുകള്‍ ഇന്ത്യൻ വംശജരാണ്. അഭിഷേക് കുഷ്വാഹ, സോനു ജയ്സ്വാൾ, ബിശാൽ ഷർമ്മ, സഞ്ജയ ജയ്സ്വാൾ, അനിൽ കുമാർ രാജ്ബാർ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. അപകടത്തെ തുടർന്ന് നാളെ നേപ്പാളിൽ ദേശീയ ദുഖാചരണം നടത്തും. 

നേപ്പാളി ആർമി, സായുധ പോലീസ് സേന, എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ്, നേപ്പാൾ പോലീസ് ടീമുകൾ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് . വിമാന അപകട കാരണം കണ്ടെത്താൻ 5 അംഗ സമിതിയെ നിയോഗിച്ചു.

എട്ടുമാസത്തിനിടെ രണ്ടാം തവണയാണ് നേപ്പാളിൽ വിമാനം അപകടത്തിൽപെടുന്നത്. 2022 മെയ്യിൽ ഉണ്ടായ അപകടത്തിൽ നാല് ഇന്ത്യക്കാരടക്കം 22 പേർ മരിച്ചിരുന്നു. ജോംസം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട താര എയർലൈൻസിന്റെ വിമാനമാണ് അന്ന് തകർന്ന് വീണത്.

വിമാനം പറന്നുയർന്ന് 15 മിനിറ്റിനുശേഷം എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. പിന്നീട് മുസ്താങ് ജില്ലയിലെ കോവാങ് ഗ്രാമത്തിൽ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി പ്രദേശവാസികൾ അറിയിക്കുകയായിരുന്നു. നാല് ഇന്ത്യക്കാർക്ക് പുറമെ രണ്ട് ജർമൻകാരും 13 നേപ്പാളികളും മൂന്ന് ജീവനക്കാരുമായിരുന്നു അപകടത്തിൽ മരിച്ചത്. തകർന്ന 9 എൻ-എഇടി ഇരട്ട എൻജിൻ വിമാനത്തിന് 43 വർഷം പഴക്കമുണ്ടായിരുന്നു.

ഈ ദുരന്തം നടന്ന് എട്ടുമാസം പിന്നിടുമ്പോഴാണ് 72 യാത്രക്കാരുമായി എത്തിയ വിമാനം ഇന്ന് കത്തിയമർന്നത്. അപകടത്തിൽ 45 ഓളം പേരുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരിൽ അഞ്ചുപേർ ഇന്ത്യക്കാരാണ് എന്നാണ് ലഭിക്കുന്ന വിവരം.

കാഠ്മണ്ഡുവിൽ നിന്നുള്ള യതി എയർലൈൻസിന്റെ വിമാനം പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്റിങ്ങിനിടെ സമീപത്തെ മലയിടുക്കിലേക്ക് തകർന്നുവീഴുകയായിരുന്നു.രാവിലെ പതിനൊന്നുമണിയോടെയാണ് വൻദുരന്തമുണ്ടായത്. 68 യാത്രക്കാരും നാലു ജീവനക്കാരും ഉൾപ്പെടെ 72 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

അപകടത്തെ തുടർന്നു പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. പ്രധാനമന്ത്രി പുഷ്പ കമൽ പ്രചണ്ഡ അടിയന്തരമന്ത്രിസഭയോഗം വിളിച്ചു. ലോക വ്യോമയാന പാതയിൽ ഏറ്റവും അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലൊന്നാണ് നേപ്പാൾ.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News