ന്യൂനപക്ഷങ്ങൾക്കെതിരെ ഒരിക്കലും സംസാരിച്ചിട്ടില്ല, പക്ഷേ, 'പ്രത്യേക പൗരൻമാരെ' അംഗീകരിക്കില്ല: മോദി

ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നതെന്നും എന്നാൽ വികസനം എല്ലാവരിലേക്കും എത്തിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.

Update: 2024-05-20 07:10 GMT
Advertising

ന്യൂഡൽഹി: താൻ ഒരിക്കലും ന്യൂനപക്ഷങ്ങൾക്കെതിരെ സംസാരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി ഇപ്പോഴല്ല, ഒരിക്കലും അവർക്കെതിരെ പ്രവർത്തിച്ചിട്ടില്ല. പക്ഷേ, ആരെയും പ്രത്യേക പൗരൻമാരായി അംഗീകരിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോദി.

കോൺഗ്രസ് നിരന്തരം ഭരണഘടനയുടെ മതേതര സ്വഭാവം ലംഘിക്കുകയാണെന്ന് മോദി ആരോപിച്ചു. വോട്ട്ബാങ്ക് രാഷ്ട്രീയത്തിനായി പ്രതിപക്ഷ പാർട്ടികൾ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് തുറന്നുകാണിക്കാനാണ് തെരഞ്ഞെടുപ്പ് കാമ്പയിൻ വേദികളിലെ പ്രസംഗത്തിൽ താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ശിൽപികളായ ബി.ആർ അംബേദ്കറും ജവഹർലാൽ നെഹ്‌റുവും മതത്തിന്റെ പേരിൽ സംവരണം വേണ്ട എന്നാണ് തീരുമാനിച്ചത്. ഇപ്പോൾ അവർ അതിൽനിന്ന് പിന്തിരിയുകയാണ്. അവരെ തുറന്നുകാണിക്കേണ്ടത് തന്റെ കടമയാണ്. ഭരണഘടനാ നിർമാണസഭയിൽ തന്റെ പാർട്ടിയിലെ ഒരു അംഗം പോലും ഉണ്ടായിരുന്നില്ല. രാജ്യമെമ്പാടുമുള്ള പ്രഗത്ഭരുടെ സമ്മേളനമായിരുന്നു അതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബി.ജെ.പി ഒരു കാലത്തും ന്യൂനപക്ഷങ്ങൾക്ക് എതിരായിരുന്നില്ല. കോൺഗ്രസ് പ്രീണന നയമാണ് സ്വീകരിക്കുന്നത്. എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നതാണ് തന്റെ നിലപാട്. എല്ലാവരിലേക്കും വികസനം എത്തിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും മോദി വ്യക്തമാക്കി.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഹിന്ദുക്കളുടെ സമ്പത്ത് മുസ്‌ലിംകൾക്ക് നൽകുമെന്ന് പറഞ്ഞതിനെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. അതേസമയം കോൺഗ്രസ് പ്രകടന പത്രിക മുസ്‌ലിം ലീഗിന്റെ താൽപ്പര്യത്തിന് അനുസരിച്ച് തയ്യാറാക്കിയതാണെന്ന് താൻ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

ടെണ്ടറുകൾ ക്ഷണിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്ക് സംവരണം ഏർപ്പെടുത്തുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഒരു പാലം നിർമിക്കുമ്പോൾ ആർക്കാണ് ടെണ്ടർ നൽകേണ്ടത്? കഴിവും അനുഭവസമ്പത്തുമുള്ള ആളുകൾക്കാണ്. പക്ഷേ, അതിൽ സംവരണം കൊണ്ടുവന്നാൽ നമ്മുടെ നാടിന്റെ വികസനത്തിന്റെ ഗതി എന്താവുമെന്നും മോദി ചോദിച്ചു.

രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്‌ലിംകൾക്കാണ് പ്രഥമ അവകാശമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞുവെന്ന ആരോപണം മോദി ആവർത്തിച്ചു. കർണാടകയിലെ കോൺഗ്രസ് സർക്കാർ മുസ് ലിംകളെ ഒ.ബി.സി സംവരണത്തിന് കീഴിൽ കൊണ്ടുവന്ന് ഒ.ബി.സി ക്വാട്ട കൊള്ളയടിക്കാനാണെന്നും മോദി ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News