സെലിബ്രിറ്റിക്ക് സീറ്റില്ല; മാണ്ഡിയില്‍ കങ്കണ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ബി.ജെ.പി
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.
ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിലേക്ക് നടക്കുന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് സീറ്റ് നൽകില്ലെന്ന് ബി.ജെ.പി. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് ഇതുസംബന്ധിച്ച വിശദീകരണവുമായി രംഗത്തുവന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.
'ധര്‍മ്മശാലയില്‍ നടന്ന സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കങ്കണയുടെ പേര് ഒരിക്കലും ഉയര്‍ന്നുവന്നിട്ടില്ല. മാണ്ഡി പാര്‍ലമെൻറ് മണ്ഡലത്തിലേക്കുള്ള ടിക്കറ്റ് ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ് ലഭിക്കുക, സെലിബ്രറ്റിക്കല്ല,' ജയ് റാം താക്കൂര്‍ വ്യക്തമാക്കി.
മാണ്ഡിയിലേക്ക് നടിയെ പരിഗണിക്കുന്നെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾ പൂർത്തിയായപ്പോൾ കങ്കണയുടെ പേരും പാർട്ടി നേതൃത്വത്തിന്‍റെ സജീവമായ പരിഗണനയിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. കങ്കണ സ്ഥാനാർഥിയാവുന്നതിനോട് പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നും സൂചനയുണ്ടായിരുന്നു.
രാംസ്വരൂപ് ശർമ്മയുടെ മരണത്തെ തുടർന്നാണ് മാണ്ഡിയിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. ഇതുകൂടാതെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും. മാണ്ഡി ജില്ലയിലെ ബാംഭല ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്. മണാലിയിൽ അവർ പുതിയ വീട് വാങ്ങുകയും ചെയ്തിട്ടുണ്ട്. മണാലിയും മാണ്ഡി ലോക്സഭ മണ്ഡലത്തിന്‍റെ ഭാഗമാണ്.
അതേസമയം, സ്ഥാനാർഥിയാകാനുള്ള താൽപര്യം കങ്കണ പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. താന്‍ ബി.ജെ.പി അനുഭാവിയാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.