ബിഹാറിൽ മഹാഗഡ്ബന്ധൻ 2.0; നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു
ബിഹാർ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബിഹാറിൽ മഹാഗഡ്ബന്ധൻ സർക്കാർ അധികാരത്തിൽ ജെഡിയു നേതാവ് നിതീഷ്‌കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു.
ബിജെപി ബന്ധം ഉപേക്ഷിച്ച് മഹാസഖ്യത്തില്‍ ചേര്‍ന്ന നിതീഷ് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ഗവര്‍ണര്‍ ഫഗു ചൗഹാന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. മന്ത്രിസ്ഥാനങ്ങൾ പതിനാല് വീതം ആർജെഡി, ജെഡിയു പാർട്ടികൾ വീതം വെക്കും.
നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2017 ആര്‍ജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് നിതീഷ് ബിജെപി സഖ്യം ഉപേക്ഷിച്ച് വീണ്ടും ആര്‍ജെഡിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയത്.