ലൗ ജിഹാദിൽ തിരിച്ചടി; മതം മാറാൻ ആവശ്യപ്പെടുന്നത് നിർബന്ധിത മതംമാറ്റമായി കണക്കാക്കാനാവില്ല- അലഹബാദ് ഹൈക്കോടതി

യു.പി പൊലീസ് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

Update: 2021-08-13 07:43 GMT
Advertising

ലൗ ജിഹാദ് കേസിൽ യു.പി സർക്കാറിന് വീണ്ടും തിരിച്ചടി. മതം മാറാൻ ആവശ്യപ്പെടുന്നത് നിർബന്ധിത മതംമാറ്റമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. യു.പി പൊലീസ് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. നിർബന്ധിതമായി മതം മാറ്റാൻ ശ്രമം നടത്തിയെന്ന വാദം തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്നാണ് കമിതാക്കളായ യുവാവും പെണ്‍കുട്ടിയും ഡെറാഡൂണിലേക്ക് ഒളിച്ചോടിപ്പോയത്. വിവാഹം കഴിക്കുന്നതിനായി മതംമാറാന്‍ പെണ്‍കുട്ടിയോട് യുവാവ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പെണ്‍കുട്ടി തന്നെ പൊലീസിനും മജിസ്ട്രേറ്റിനും മുന്നില്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ യുവാവ് നിര്‍ബന്ധിത മതം മാറ്റത്തിന് ശ്രമിച്ചെന്നുചൂണ്ടികാട്ടി യു.പി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ടായിരുന്നു. 

എന്നാല്‍, പെണ്‍കുട്ടിയുടെ മൊഴിയില്‍ എവിടെയും നിര്‍ബന്ധിത മതംമാറ്റത്തിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമവും നടന്നിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. യു.പി സര്‍ക്കാര്‍ പാസാക്കിയ നിര്‍ബന്ധിത മതംമാറ്റ നിരോധന നിയമത്തിന്‍റെ പരിധിയിലെവിടെയും ഈ കേസിനെ ഉള്‍പ്പെടുത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യുവാവിന് ജാമ്യം നിഷേധിച്ച കീഴ്ക്കോടതി വിധി തെറ്റാണെന്നും കേസിന്‍റെ വിശദാംശങ്ങള്‍ നിരീക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News