അതിർത്തി സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല: കരസേന മേധാവി

ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും മനോജ് പാണ്ഡെ

Update: 2024-01-15 08:13 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: അതിർത്തിയിലെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് കരസേന മേധാവി മനോജ് പാണ്ഡെ. ദേശീയ കരസേന ദിന പരേഡിന് ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് കരസേന മേധാവി നിലപാട് വ്യക്തമാക്കിയത്. കശ്മീരിലെ പൂഞ്ച് രജൗരി മേഖലകളിൽ തീവ്രവാദികളുടെ സാന്നിധ്യം വർധിച്ചതായി കരസേന മേധാവി നേരത്തെ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു.

ബ്രിട്ടീഷുകാർ പിന്മാറുകയും രാജ്യത്തെ ആദ്യ കരസേന മേധാവി സ്ഥാനമേൽക്കുകയും ചെയ്തതിൻ്റെ ഓർമ പുതുക്കിയാണ് എല്ലാവർഷവും ജനുവരി 15 ദേശീയ കരസേന ദിനം രാജ്യം ആചരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ലഖ്‌നൗവിൽ വെച്ച് നടന്ന ചടങ്ങിലാണ് അതിർത്തിയിലെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് കരസേന മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കിയത്. ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിലെ പൂഞ്ച് രജൗരി മേഖലകളിൽ തീവ്രവാദികളുടെ സാന്നിധ്യം വർധിച്ചെന്ന പരാമർശം ലക്നൗവിൽ നടന്ന കരസേന ദിന പരേഡിലും അദ്ദേഹം ആവർത്തിച്ചു. ചൈന പാക് പിന്തുണയോടെ ഈ മേഖലയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഇന്ത്യ ഓപ്പറേഷൻ 'ശിവശക്തി' ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് കരസേന മേധാവി നടത്തിയ സമാന പ്രസ്താവന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സർക്കാരിന് എതിരെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. സേനയിലെ സ്തുത്യർഹ സേവനത്തിനുള്ള മെഡലുകളും ലഖ്‌നൗവിൽ വെച്ച് നടന്ന ചടങ്ങിൽ കരസേന മേധാവി സമ്മാനിച്ചു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News