'മന്ത്രിമാർക്ക് പുതിയ കാറുകളില്ല, പൂച്ചെണ്ടുകൾക്ക് പകരം പേന'; മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി തേജസ്വി യാദവ്

ജനങ്ങളോട് ഇടപെടുമ്പോൾ പക്ഷപാതം പാടില്ലെന്നും ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആളുകൾക്ക് മുൻഗണന നൽകുന്ന പ്രവണത ഒഴിവാക്കണമെന്നും തേജസ്വി യാദവ് മന്ത്രിമാരോട് ആവശ്യപ്പെട്ടു

Update: 2022-08-20 11:48 GMT
Editor : banuisahak | By : Web Desk
Advertising

പാറ്റ്‌ന: മന്ത്രിസഭാ വികസനത്തിന് പിന്നാലെ മന്ത്രിമാർക്ക് പ്രത്യേക നിർദ്ദേശങ്ങളുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു പട്ടിക തന്നെയാണ് തേജസ്വി യാദവ് മന്ത്രിമാർക്ക് നൽകിയിരിക്കുന്നത്. ചെലവ് ചുരുക്കലിന് ഊന്നൽ നൽകുന്നതാണ് പുതിയ നിർദേശങ്ങൾ. ഇതിന്റെ പകർപ്പ് തേജസ്വി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ആർ.ജെ.ഡി മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ നൽകില്ലെന്നതാണ് ആദ്യത്തെ നിർദേശം. എല്ലാവരോടും മാന്യമായി പെരുമാറണമെന്നും 'നമസ്തേ' പറയുന്നത് പ്രോത്സാഹിപ്പിക്കണമെന്നും തേജസ്വി അഭ്യർത്ഥിച്ചു. പ്രവർത്തകരെയും അഭ്യുദയകാംക്ഷികളെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ അനുവദിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

പൂക്കളും പൂച്ചെണ്ടുകളും നൽകുന്നതിന് പകരം പുസ്തകങ്ങളും പേനയും നൽകുന്നത് പ്രോത്സാഹിപ്പിക്കണം. ജനങ്ങളോട് ഇടപെടുമ്പോൾ പക്ഷപാതം പാടില്ല. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആളുകൾക്ക് മുൻഗണന നൽകുന്ന പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതത് വകുപ്പുകളിൽ സത്യസന്ധതയും സുതാര്യതയും കൃത്യനിഷ്ഠയും ഉറപ്പാക്കണമെന്നും തേജസ്വിയുടെ നിർദേശങ്ങളിൽ പറയുന്നു.

Full View

പ്രവർത്തന പദ്ധതികളും വികസന പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാരുടെ പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങൾക്ക് കൂടുതൽ മനസിലാക്കാൻ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബി.ജെ.പിയുടെ 'ജംഗിൾ രാജ്' എന്ന വിമർശനം മറികടന്ന് ആർ.ജെ.ഡിയുടെ മുഖംരക്ഷിക്കാനുള്ള  ശ്രമങ്ങളുടെ ഭാഗമാണ് തേജസ്വി യാദവിന്റെ പുതിയ നിർദ്ദേശങ്ങളെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News