നാല് വർഷത്തിനിടെ 10 സംസ്ഥാനങ്ങളിലായി 27 വിവാഹങ്ങൾ; പിടിയിലായ 66 കാരൻ നടത്തിയത് വൻ തട്ടിപ്പ്
5 അടി 2 ഇഞ്ച് ഉയരമുള്ള, പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഇയാൾ ഡോക്ടറായി ചമഞ്ഞ് ഇത്രയും സ്ത്രീകളെ കബളിപ്പിച്ചത് എങ്ങനെയെന്ന് പൊലീസിനും കണ്ടെത്താനായില്ല
ഒഡീഷ്യയിൽ പിടിയിലായ വിവാഹ തട്ടിപ്പുവീരൻ നാലു വർഷത്തിനിടെ 66 കാരൻ ജീവിത പങ്കാളിയാക്കിയത് 27 പേരെയാണെന്ന് പൊലീസ്. 10 സംസ്ഥാനങ്ങളിൽ നിന്നാണ് രമേശ് കുമാർ സ്വയിൻ എന്നയാൾ ഇത്രയും വിവാഹങ്ങൾ കഴിച്ചത്. ഡോക്ടറാണെന്ന് പറഞ്ഞാണ് അദ്ദേഹം ഇത്രയും നാൾ സ്ത്രീകളെ കബളിപ്പിച്ചത്. ഇയാൾ വിവാഹം കഴിച്ചവരിൽ സുപ്രീം കോടതി അഭിഭാഷക, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥ, ചാർട്ടേഡ് അക്കൗണ്ടന്റ്, അർദ്ധസൈനിക സേനയിലെ ഉദ്യോഗസ്ഥ, ഇൻഷുറൻസ് കമ്പനിയിലെ ഒരു സീനിയർ എക്‌സിക്യൂട്ടീവ്, ഡോക്ടർമാർ എന്നിവരും ഉൾപ്പെടുന്നു.
5 അടി - 2 ഇഞ്ച് ഉയരമുള്ള, പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഇയാൾ ഡോക്ടറായി ചമഞ്ഞ് ഇത്രയും സ്ത്രീകളെ സംശയത്തിന്റെ തരിമ്പ് പോലും അവശേഷിപ്പിക്കാതെ കബളിപ്പിച്ചത് എങ്ങനെയെന്ന് ഇന്നും ചുരുളഴിയാത്ത ദുരൂഹതയാണ്.ഇയാളുടെ എല്ലാ ഭാര്യമാരിലേക്കും എത്താനായി ഭുവനേശ്വർ പോലീസിന് ഒരു ടാസ്‌ക് ഫോഴ്സ് തന്നെ രൂപീകരിക്കേണ്ടി വന്നു. ഇതുവരെ ഇയാൾകബളിപ്പിച്ച 90 സ്ത്രീകളെയാണ് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി നേരിട്ട് കണ്ടത്.
തുമ്പായത് സ്‌കൂൾ അധ്യാപികയുടെ പരാതി
2021 മേയിലാണ് ഭുവനേശ്വറിലെയും കട്ടക്കിലെയും പൊലീസ് കമ്മീഷണറേറ്റിലേക്ക് ഡൽഹിയിലെ 48 കാരിയായ സ്‌കൂൾ അധ്യാപികയിൽ നിന്ന് ഒരു ഫോൺ കോൾ വരുന്നത്. തന്റെ ഭർത്താവ് ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ടെന്നും തന്നെ കബളിപ്പിക്കുകയായിരുന്നെന്നുമായിരുന്നു പരാതി. ഇവരുടെ 13 ലക്ഷം രൂപയും ഇയാൾ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. തുടർന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉമാശങ്കർ ദാഷിന്റെ നിർദ്ദേശപ്രകാരം വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് രമേശിന്റെ ഫോൺ നമ്പറും നിരവധി താമസസ്ഥല വിലാസങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ തുടങ്ങി. എന്നാൽ തട്ടിപ്പുകാരൻ പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.
പിന്നീട്അന്വേഷണ സംഘം ഇയാളുടെ ഫോൺ ട്രാക്ക് ചെയ്യാൻ തുടങ്ങി. ഞങ്ങൾ അയാളെ കണ്ടെത്തുന്ന സ്ഥലത്തെല്ലാം അയാൾക്ക് ഓരോ ഭാര്യമാരുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. തന്റെ പേരിൽ കേസെടുത്ത കാര്യം രമേശിന് അറിയില്ലായിരുന്നു. ഒരിടത്തും അയാൾ അധികദിവസം താമസിച്ചിരുന്നില്ലെന്നും അന്വേഷണ സംഘത്തിലെ പ്രധാന അംഗമായ അസി. പൊലീസ് കമ്മീഷണർ സഞ്ജീവ് സത്പതി പറഞ്ഞു. ഫെബ്രുവരി 14 ന് ഭുവനേശ്വറിലെ ശനി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയപ്പോഴാണ് ഇയാളെ പൊലീസ്പിടികൂടിയത്.
പലപേരുകള്‍, പല ജോലികള്‍
ഡൽഹി ആസ്ഥാനമായുള്ള അധ്യാപിക ഓൺലൈൻ മാട്രിമോണിയൽ സൈറ്റ് വഴിയാണ് 'ബിഭു പ്രസാദ് സ്വയിനെ' പരിചയപ്പെട്ടത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ വിദ്യാഭ്യാസ-പരിശീലനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറലാണ് താനെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യമുള്ള അദ്ദേഹം 1956 ലാണ് ജനിച്ചതെങ്കിലും വ്യാജരേഖകൾ 1971 ആണ് ജനന വർഷമായി നൽകിയത്. 2018 ജൂലൈ 29 ന് ന്യൂഡൽഹിയിലെ ജനക്പുരിയിലെ ആര്യസമാജ ക്ഷേത്രത്തിൽ വച്ചായിരുന്നു അധ്യാപികയുമായുള്ള വിവാഹം.
'ഞാൻ ഭുവനേശ്വറിൽ താമസിക്കുന്ന സമയത്താണ് അദ്ദേഹത്തിന് വേറെയും രണ്ട് ഭാര്യമാരുണ്ടെന്ന് അദ്ദേഹത്തിന്റെ വേലക്കാരിയിൽ നിന്ന് മനസ്സിലാക്കിയത്. ഇക്കാര്യം അയാളോട് ചോദിച്ചപ്പോൾ എന്നെ ഒഴിവാക്കാൻ ശ്രമിച്ചതായും അധ്യാപിക പറയുന്നു. ഇയാളറിയാതെ ഫോണിലൂടെ, അയാൾ കബളിപ്പിച്ച മറ്റ് സ്ത്രീകളുമായി അധ്യാപിക രഹസ്യമായി പരിചയപ്പെടുകയും കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു. ഓൺലൈൻ മാട്രിമോണിയൽ സൈറ്റുകളിൽ ഇയാളുടെ പ്രൊഫൈൽ വന്നപ്പോൾ തന്നെ വിവാഹം കഴിക്കാൻ സമ്മതിച്ച മറ്റ് സ്ത്രീകളെ വിളിച്ച് നിലവിലെ ഭാര്യമാർ മുന്നറിയിപ്പ് നൽകി.
കേന്ദ്രപാര ജില്ലയിലെ സിംഗാലോ ഗ്രാമത്തിൽ നിന്നുള്ള രമേഷ് ചന്ദ്ര സെയിൻ, ഡോ. ബിജയ്ശ്രീ രമേഷ് കുമാർ, ഡോ. ബിധു പ്രകാശ് സെയിൻ, ഡോ. രമണി രഞ്ജൻ സെയിൻ എന്നീ പേരുകളാണ് ഇയാൾ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. ഉയർന്ന നിലവാരത്തിലുള്ള ഹൗസിംഗ് സൊസൈറ്റികളിൽ മൂന്ന് അപ്പാർട്ട്മെന്റുകളും ഇയാൾ വാടകയ്ക്ക് എടുത്തിരുന്നു. വിവാഹം കഴിച്ച സ്ത്രീകളിൽ ഭൂരിഭാഗവും ഈ അപ്പാർട്ടുമെന്റുകളിൽ തന്നെയാണ് താമസിച്ചിരുന്നത്. 2018 ന് ശേഷം ഇരുപത്തിയഞ്ച് വിവാഹങ്ങളാണ് നടന്നു. പക്ഷേ കള്ളി വെളിച്ചത്തായപ്പോൾ പിന്നെ ഭാര്യമാരുടെ അടുത്തേക്ക് അയാൾ പോയില്ല. ഓരോ തവണയും തന്ത്രങ്ങൾ മാറ്റിയാണ് അയാൾ സ്ത്രീകളെ പറ്റിച്ചത്. തനിച്ച് താമസിക്കുന്നവരും മധ്യവയസ്‌കരുമായ സ്ത്രീകളുമാണ് ഇയാളുടെ ഇരകളിൽ കൂടുതലും.
1982-ലെ തന്റെ ആദ്യ വിവാഹത്തിൽ നിന്ന്, സ്വയിന് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 2002ൽ ജാർഖണ്ഡിലെ ഡോക്ടറെ അദ്ദേഹം വിവാഹം കഴിച്ചു. തട്ടിപ്പ് ഭാര്യക്ക് അറിയാമെങ്കിലും അവർ മൗനം പാലിച്ചു. ഈ വിവാഹത്തിൽ സ്വയിന് രണ്ട് കുട്ടികളുണ്ട്. 'രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അയാൾ ആറ് സ്ത്രീകളെ കൂടി വിവാഹം കഴിക്കുമായിരുന്നു. സമൂഹത്തിലുണ്ടാകുന്ന അപമാനം ഭയന്ന് പലരും പരാതി കൊടുക്കാൻ മടിക്കുകയാണെന്നും പൊലീസ് പറയുന്നു. നിരവധി സ്ത്രീകളുമായുള്ള വീഡിയോകളും ഇയാളുടെ പക്കലുണ്ട്. അതെല്ലാം പൊലീസ് പരിശോധിച്ച് വരികയാണ്.
മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിന് വിദ്യാർഥികളിൽ നിന്ന് പണം തട്ടിയെടുത്തതടക്കമുള്ള നിരവധി കേസുകളും ഇയാൾക്കെതിരെയുണ്ട്. പ്രതിഫലമായി പണം സ്വീകരിക്കുന്നതും മറ്റ് തട്ടിപ്പുകൾ ഉൾപ്പെടെയുള്ള മറ്റ് തരത്തിലുള്ള തട്ടിപ്പുകളിലും സ്വെയിൻ ഉൾപ്പെട്ടിട്ടുണ്ടാകാം. 2006ൽ ഒരു കോടി രൂപയുടെ തട്ടിയെടുത്തതിൽ ഇയാൾ കേരളത്തിൽ വെച്ച് അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറയുന്നതായി 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു.