കശ്മീരില്‍ നടന്നുപോകരുത്; ചിലയിടങ്ങളില്‍ കാറില്‍ സഞ്ചരിക്കാന്‍ രാഹുലിന് മുന്നറിയിപ്പ്
സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ യാത്ര കാറിലാക്കണമെന്ന് സുരക്ഷാ ഏജൻസികളാണ് നിർദേശം നൽകിയത്
ഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കുമ്പോൾ ചിലയിടങ്ങളിൽ രാഹുൽ ഗാന്ധി കാറിൽ സഞ്ചരിക്കണമെന്ന് നിർദേശം. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ യാത്ര കാറിലാക്കണമെന്ന് സുരക്ഷാ ഏജൻസികളാണ് നിർദേശം നൽകിയത്.വ്യാഴാഴ്ചയാണ് യാത്ര കശ്മീരിൽ പ്രവേശിക്കുക.
''രാഹുല്‍ ഗാന്ധിയുടെ സുരക്ഷക്കായി വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ കാൽനടയായി യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും പകരം കാറിൽ യാത്ര ചെയ്യണമെന്നും അദ്ദേഹത്തോട് നിര്‍ദേശിച്ചതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ എൻഡി ടിവിയോട് പറഞ്ഞു.രാഹുല്‍ ശ്രീനഗറില്‍ ആയിരിക്കുമ്പോള്‍ ചുരുക്കം ആളുകള്‍ മാത്രമേ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാവൂ എന്നാണ് സുരക്ഷാ ഏജൻസികൾ ആവശ്യപ്പെടുന്നത്. നിലവില്‍ ഇസഡ്+ സുരക്ഷയുള്ള രാഹുലിനൊപ്പം ഒന്‍പതോളം കമാന്‍ഡോകള്‍ ഉണ്ടാകാറുണ്ട്.
ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ സുരക്ഷ പരിശോധന തുടരുകയാണ്. ഈ മാസം 19 നാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കുക. 30 നാണ് സമാപന സമ്മേളനം. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടെന്ന് കാണിച്ച് കോണ്‍ഗ്രസ് കഴിഞ്ഞ മാസം കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാല്‍ 2020 മുതല്‍ രാഹുല്‍ 100 തവണ സുരക്ഷാക്രമീകരണങ്ങള്‍ മറികടന്നുവെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.