ഒരു കുടുംബത്തിന് ഒരു സീറ്റ്; നിർണായക മാറ്റത്തിനൊരുങ്ങി കോൺഗ്രസ്

കുടുംബ പാർട്ടിയെന്ന ബി.ജെ.പിയുടെ ആരോപണം പുതിയ തീരുമാനത്തിലൂടെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

Update: 2022-05-10 13:55 GMT
Advertising

ന്യൂഡൽഹി: ഒരു കുടുംബത്തിന് ഒരു സീറ്റ് എന്ന പുതിയ മാനദണ്ഡം കൊണ്ടുവരാനൊരുങ്ങി കോൺഗ്രസ്. ഉദയ്പൂരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിൽ ഇക്കാര്യം ചർച്ചയാവുമെന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങളെ ഉദ്ദരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ചിന്തൻ ശിബിരത്തിന്റെ പ്രാഥമിക ചർച്ചകൾക്കായി കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന പ്രവർത്തക സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

കുടുംബ പാർട്ടിയെന്ന ബി.ജെ.പിയുടെ ആരോപണം പുതിയ തീരുമാനത്തിലൂടെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അതേസമയം ഗാന്ധി കുടുംബത്തിന് ഈ തീരുമാനം ബാധകമാവുമോ എന്നത് സംബന്ധിച്ച് ചിന്തൻ ശിബിരത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനം വരികയുള്ളൂ.

കൂട്ടായ തീരുമാനമുണ്ടാവുന്നില്ലെന്ന വിമർശനം മറികടക്കാൻ പാർലമെന്ററി ബോർഡിലും നിർണായക മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചന. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിക്കാനും പ്രവർത്തക സമിതിയിൽ തീരുമാനിച്ചിട്ടുണ്ട്.

ബി.ജെ.പി ഉയർത്തിക്കൊണ്ടുവരുന്ന വർഗീയ അജണ്ടകളിൽ വീണുപോവാതെ തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ വിലവർധന തുടങ്ങിയ വിഷയങ്ങൾ ചർച്ചയാക്കണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. ഒരു ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക വിഭാഗം പ്രവർത്തിക്കും. പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമായി പരിശീലന സ്ഥാപനം തുടങ്ങാനും പാർട്ടി തീരുമാനിച്ചതായാണ് വിവരം.

പാർട്ടി പദവികളിൽ പകുതി 50 വയസ്സിന് താഴെയുള്ള യുവനേതാക്കൾക്ക് നൽകണമെന്നും നിർദേശമുണ്ട്. ചിന്തൻ ശിബിരത്തിൽ ഈ നിർദേശങ്ങളെല്ലാം വിശദമായി ചർച്ച ചെയ്യുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News