അഞ്ചുലക്ഷം പങ്കെടുക്കുമെന്ന് പറഞ്ഞു, എത്തിയത് 5,000 പേർ മാത്രം; റാലി പൊളിഞ്ഞപ്പോൾ പിന്മാറുകയായിരുന്നോ മോദി?
രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പുറപ്പെട്ട ബസുകളെല്ലാം കാലിയായിരുന്നു. റാലിക്കായി പുറപ്പെട്ട ബസുകൾ പലയിടത്തും തടഞ്ഞെന്നായിരുന്നു ആളുകുറയാന്‍ കാരണമായി ബിജെപി നേതൃത്വം പറഞ്ഞത്
കഴിഞ്ഞ ദിവസം പഞ്ചാബിൽ സുരക്ഷാവീഴ്ചയെത്തുടർന്ന് മാറ്റിവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തത് 5,000ത്തോളം പേർ മാത്രം. അഞ്ചുലക്ഷ പേർ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ഘടകം അവകാശപ്പെട്ട പരിപാടിയിലാണ് വളരെ കുറഞ്ഞ ജനപങ്കാളിത്തമുണ്ടായതെന്ന് ട്രിബ്യൂൺ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. റാലി മാറ്റിവച്ചത് സുരക്ഷാവീഴ്ച കാരണമല്ലെന്നും ആളുകുറഞ്ഞതുമൂലമാണെന്നും നേരത്തെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത്ത് സിങ് ഛന്നി പ്രതികരിച്ചിരുന്നു.
റാലിക്കായി ആളെയെത്തിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 3,200 ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് നേരത്തെ ബിജെപി സംസ്ഥാന ഘടകം അവകാശപ്പെട്ടിരുന്നത്. 60ഓളം ബസുകൾ ബുക്ക് ചെയ്ത മണ്ഡലം കമ്മിറ്റികൾ വരെയുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, റാലിക്കുള്ള വേദി ഒരുക്കുമ്പോൾ 500 ബസിന് പാർക്ക് ചെയ്യാനുള്ള സൗകര്യം മാത്രമാണ് ഒരുക്കിയിരുന്നത്.
എന്നാൽ, റാലി പ്രഖ്യാപിച്ചതു തൊട്ടുതന്നെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പരിപാടിക്കെതിരെ വലിയ പ്രചാരണം നടന്നിരുന്നു. ഗ്രാമങ്ങളിലെ ഗുരുദ്വാരകളിലടക്കം റാലിയിൽ പങ്കെടുക്കരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു ബുധനാഴ്ച റാലിക്കു തൊട്ടുമുൻപ് കണ്ടത്. രാവിലെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പുറപ്പെട്ട ബസുകളെല്ലാം കാലിയായിരുന്നു. റാലി നടക്കുന്ന വേദിയിലെത്തിയത് പതിനായിരത്തിൽ താഴെ പേരും.
ആളില്ലാത്ത കാര്യം ബിജെപി സംസ്ഥാന ഘടവും സമ്മതിച്ചിട്ടുണ്ട്. റാലിക്കായി പുറപ്പെട്ട ബസുകൾ പലയിടത്തും തടഞ്ഞെന്നായിരുന്നു ഇതിനു ന്യായീകരണമായി നേതൃത്വം പറഞ്ഞത്. പലയിടങ്ങളിലും ബസ് തടഞ്ഞ സംഭവങ്ങളുണ്ടായെങ്കിലും നേരത്തെ അവകാശപ്പെട്ട 3,000ത്തിന്റെ കാൽശതമാനം പോലും ബസുകൾ പുറപ്പെട്ടിരുന്നില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അഞ്ചുലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്നായിരുന്നു കഴിഞ്ഞയാഴ്ച ബിജെപി പഞ്ചാബ് ഘടകം അധ്യക്ഷൻ അശ്വനി ശർമ അവകാശപ്പെട്ടത്. വേദിയിൽ 65,000 കസേരകളാണ് ഒരുക്കിയിരുന്നത്. എന്നാൽ, 5,000 സീറ്റുകളിൽ മാത്രമാണ് ആളുണ്ടായിരുന്നത്. റാലി പൊളിഞ്ഞതോടെ പാർട്ടിയിൽ മാറ്റിനിർത്തപ്പെട്ടിരുന്ന നേതാക്കൾ വിമർശനവുമായും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി ജിവാൻ ഗുപ്തയെ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പഞ്ചാബിൽ ഏറെ കൊട്ടിഘോഷിച്ചാണ് പ്രധാനമന്ത്രി മോദിയുടെ റാലി പ്രഖ്യാപിച്ചത്. ഫിറോസ്പൂരിൽ ഇന്നലെ വൈകീട്ടായിരുന്നു റാലി നിശ്ചയിച്ചിരുന്നത്. ഫിറോസ്പൂർ ജില്ലയിലെ ഹുസൈനിവാലയിൽ സ്ഥിതി ചെയ്യുന്ന ദേശീയ രക്തസാക്ഷി മെമ്മോറിയലിലായിരുന്നു ആദ്യ പരിപാടി. ബതിൻഡ വിമാനത്താവളത്തിൽ ഇറങ്ങിയ മോദി കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്ടറിനു പകരം റോഡ് മാർഗമാണ് റാലിസ്ഥലത്തേക്ക് തിരിച്ചത്. എന്നാൽ, മെമ്മോറിയലിൽനിന്ന് 30 കിലോമീറ്റർ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങുകയായിരുന്നു. കനത്ത കർഷക പ്രതിഷേധത്തെ തുടർന്നായിരുന്നു 20 മിനിറ്റോളം ഫ്‌ളൈഓവറിൽ മോദിയുടെ വാഹനവ്യൂഹമടക്കം കുടുങ്ങിയത്. ഒടുവിൽ റാലി റദ്ദാക്കി മോദി തിരിച്ചുപോകുകയായിരുന്നു.
Summary: The Punjab state BJP unit had claimed that five lakh people would turn up for the Prime Minister Narendra Modi's Ferozepur rally, but it could hardly gather 5,000 people