കർണാടകയിലെ ഉത്സവസ്ഥലങ്ങളിൽ മുസ്‌ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തി സംഘാടകർ
ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം
ഹിജാബ് വിലക്ക് ഉയർത്തിവിട്ട വിവാദങ്ങൾ തുടരവേ കർണാടകയിൽ ഉത്സവസ്ഥലങ്ങളിൽ മുസ്‌ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തി സംഘാടകർ. കോസ്റ്റൽ കർണാടക ഭാഗത്താണ് മുസ്‌ലിം കച്ചവടക്കാരെ പ്രാദേശിക മേളകളിൽനിന്ന് മാറ്റിനിർത്തിയത്. ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. നേരത്തെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ കടകളടച്ച് കച്ചവടക്കാർ പ്രതിഷേധിച്ചിരുന്നു.
ഏപ്രിൽ, മെയ് മാസങ്ങളിലാണ് സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് വാർഷിക ഉത്സവങ്ങൾ നടക്കാറുള്ളത്. കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാകുന്ന കച്ചവടമാണ് ഇവിടെ നടക്കാറുള്ളത്. ഇതിന് മുമ്പ് ഏതെങ്കിലും സമുദായത്തെ കച്ചവടരംഗത്ത് നിന്ന് മാറ്റിനിർത്താറില്ല. എന്നാൽ ഹൈക്കോടതിയുടെ ഹിജാബ് വിധിക്ക് ശേഷം മുസ്‌ലിംകൾ നടത്തിയ ബന്ദിന് ശേഷം ഉത്സവങ്ങളിൽ അവരെ വിലക്കിയതായാണ് വാർത്തകളിലുള്ളത്.
ഏപ്രിൽ 20ന് നടക്കുന്ന മഹാലിംഗേശ്വര ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ ലേലത്തിൽനിന്ന് മുസ്‌ലിംകളെ വിലക്കിയിരിക്കുകയാണ്. മാർച്ച് 31 ന് നടക്കുന്ന ലേലത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ പങ്കെടുക്കാൻ പാടുള്ളൂവെന്ന് അവരുടെ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉഡുപ്പി ജില്ലയിലെ കൗപ്പിലുള്ള ഹോസ മാരിഗുഡി ക്ഷേത്രത്തിലും സമാന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 18നാണ് ഇവിടെ ലേലം നടക്കുന്നത്. ഹിന്ദുക്കൾക്ക് മാത്രം കടകൾ തുറക്കാൻ അനുമതി നൽകിയാൽ മതിയെന്ന് കമ്മിറ്റി തീരുമാനിച്ചതായാണ് ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് രമേഷ് ഹെഗ്‌ഡെ അറിയിക്കുന്നത്. ഹിജാബ് വിലക്കിനെതിരെ മുസ്‌ലിംകൾ കടയടച്ചത് ക്ഷേത്രത്തിലെത്തുന്നവരെ പ്രകോപിപ്പിച്ചെന്നാണ് ഹിന്ദു ജാഗരണ വേദികെ മംഗളൂരു ഡിവിഷൻ ജനറൽ സെക്രട്ടറി പ്രകാശ് കുക്കെഹള്ളി പറയുന്നത്.
'നിയമത്തെയും ഭൂമിയെയും ബഹുമാനിക്കാത്തവരും നമ്മൾ ആരാധിക്കുന്ന പശുവിനെ കൊല്ലുന്നവരും ഐക്യത്തിന് എതിരു നിൽക്കുന്നവരും ഇവിടെ കച്ചവടം ചെയ്യാൻ പാടില്ല' എന്നാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബാപ്പനാഡി ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ എഴുതിവെച്ചിരിക്കുന്നത്. എന്നാൽ ആരാണ് ഇത്തരം ബോർഡുകൾ സ്ഥാപിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും കമ്മിറ്റികൾ പരാതി നൽകിയാൽ നിയമസംഘവുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് പറയുന്നത്.
ഇതിന് മുമ്പ് ഇത്തരം സാഹചര്യമുണ്ടായിരുന്നില്ലെന്നും ഇവിടെ രജിസ്റ്റർ ചെയ്ത 700 പേരിൽ 450 പേരും മുസ്‌ലിംകളാണെന്നുമാണ് ഉഡുപ്പി ജില്ല സ്ട്രീറ്റ് വെൻഡേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് ആരിഫ് പറയുന്നത്. കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷമായി കച്ചവടമില്ലെന്നും ഇപ്പോൾ ചെറുതായി തുടങ്ങിയപ്പോൾ ക്ഷേത്ര കമ്മിറ്റികൾ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.
ബജ്‌റംഗ് ദൾ പ്രവർത്തകൻ കൊല്ലപ്പെട്ട ശിവമോഗയിലും മുസ്‌ലിം കച്ചവടക്കാരെ മാറ്റി നിർത്തിയിരിക്കുകയാണ്. കോട്ടെ മാരികാംബ ഫെസ്റ്റിവൽ ചൊവ്വാഴ്ച തുടങ്ങിയെങ്കിലും അവർക്ക് പ്രവേശനം നൽകിയിട്ടില്ല. തങ്ങൾ ഒരിക്കലും വർഗീയമായി ചിന്തിച്ചിട്ടില്ലെന്നും സാമൂഹിക മാധ്യമങ്ങളിലടക്കമുള്ള കാമ്പയിനുകൾ മൂലമാണ് ഈ തീരുമാനം സ്വീകരിക്കേണ്ടി വന്നതെന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് എസ്‌കെ മാരിയപ്പൻ പറഞ്ഞു.
Organizers ban Muslim vendors at festival venues in Karnataka