ഡല്‍ഹി പൊലീസിന്‍റെ കയ്യേറ്റം: ചിദംബരത്തിന്‍റെ വാരിയെല്ലിന് പരിക്ക്
മോദി സർക്കാർ എല്ലാ പരിധികളും ലംഘിച്ചു, ഇതാണോ ജനാധിപത്യമെന്ന് കോണ്‍ഗ്രസ്
ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന് പരിക്ക്. ചിദംബരത്തിന്റെ വാരിയെല്ലിനാണ് പരിക്ക്.
ചിദംബരത്തിന്‍റെ ഇടതുവശത്തെ വാരിയെല്ലിനാണ് പൊട്ടലുണ്ടായതെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു- "മോദി സർക്കാർ എല്ലാ പരിധികളും മറികടന്നു. മുൻ ആഭ്യന്തരമന്ത്രി പി ചിദംബരത്തെ പൊലീസ് മർദിച്ചു. കണ്ണട നിലത്ത് എറിഞ്ഞു. ഇടതുവശത്തെ വാരിയെല്ലിന് പരിക്കേറ്റു. എംപി പ്രമോദ് തിവാരിയെ പൊലീസ് റോഡിലേക്ക് തള്ളിയിട്ടു. തലയ്ക്ക് ക്ഷതവും വാരിയെല്ലിന് ഒടിവും സംഭവിച്ചു. ഇതാണോ ജനാധിപത്യം?" രൺദീപ് സുർജേവാല പ്രതികരിച്ചു. ഡല്‍ഹി പൊലീസിന്‍റെ കയ്യേറ്റത്തിനിടെ ഇന്നലെ കെ സി വേണുഗോപാല്‍ കുഴഞ്ഞുവീണിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്നത്. ഡല്‍ഹിയിലെ ഇ.ഡി ഓഫീസിലേക്ക് നൂറുകണക്കിന് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെ കാല്‍നടയായാണ് രാഹുല്‍ എത്തിയത്. രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും ചത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും എത്തിയിരുന്നു. രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരായ കേസെന്നും രാഷ്ട്രീയമായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു.ഇന്നലെ ഏഴ് മണിക്കൂറോളം രാഹുല്‍ ഗാന്ധിയെ ചോദ്യംചെയ്തു. ചോദ്യംചെയ്യുന്നത് ഇന്നും തുടരും.
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്ന് രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. സോണിയയും രാഹുലുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്‍റെ എംഡിമാർ. നാഷണൽ ഹെറാൾഡിന്‍റെ പേരിലുള്ള സ്വത്ത് കൈക്കലാക്കുന്നതിനായി രൂപീകരിച്ച കമ്പനിയാണ് യങ് ഇന്ത്യയെന്നാണ് പരാതിയിലുള്ളത്.
मोदी सरकार बर्बरता की हर हद पार कर गई।
— Randeep Singh Surjewala (@rssurjewala) June 13, 2022
पूर्व गृह मंत्री, श्री पी.चिदंबरम के साथ पुलिस की धक्कामुक्की हुई, चश्मा ज़मीन पर फेंका, उनकी बायीं पसलियों में हेयरलाइन फ्रैक्चर है।
सांसद प्रमोद तिवाड़ी को सड़क पर फेंका गया। सिर में चोट और पसली में फ्रैक्चर है।
क्या यह प्रजातंत्र है? pic.twitter.com/rRLOhIOTJ3