'ഇന്ത്യ അത്‌ലറ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇങ്ങനെയാണ്..നിങ്ങൾ ഇതുവല്ലതും അറിയുന്നുണ്ടോ...? മോദിയെ പുകഴ്ത്തി പാക് മാധ്യമപ്രവർത്തകൻ
കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടിയ ഗുസ്തി താരത്തെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചതിന് പിന്നാലെയാണ് പാക് സർക്കാറിനെ വിമർശിച്ച് മാധ്യമപ്രവർത്തകൻ രംഗത്തെത്തിയത്
ഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഗുസ്തി താരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചത് കഴിഞ്ഞദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ സ്വന്തം സർക്കാറിനെയും നേതാക്കളെയും രൂക്ഷമായി വിമർശിച്ച് പാക്കിസ്ഥാൻ മാധ്യമപ്രവർത്തകൻ.
ഇന്ത്യ അവരുടെ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും പ്രൊജക്ട് ചെയ്യുന്നതും ഇങ്ങനെയാണ് കണ്ടുപഠിക്കൂ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ബിർമിംഗ്ഹാമിൽ നടന്നുകൊണ്ടിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയുടെ സെമിയിൽ പൂജ ഗെഹ്ലോട്ട് ശക്തമായി പൊരുതിയെങ്കിലും വെങ്കലമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരശേഷം മാധ്യമങ്ങളോട് സ്വർണമെഡൽ നേടാൻ കഴിയാത്തതിൽ സങ്കടമുണ്ടെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കിയിരുന്നു.
മത്സരശേഷം ഇന്ത്യൻ ദേശീയ ഗാനം ആലപിക്കണമെന്ന് താൻ തീവ്രമായി ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തനിക്ക് വെങ്കലം മാത്രമേ നേടാനായൊള്ളൂ എന്നായിരുന്നു അവർ നിറകണ്ണുകളോടെ പറഞ്ഞത്. ഈ വീഡിയോ ശ്രദ്ധയിൽപെട്ട മോദി ഗെഹ്ലോട്ടിനെ ആശ്വസിപ്പിച്ചു.
'പൂജ, നിങ്ങളുടെ ഈ മെഡൽ നേട്ടം ആഘോഷിക്കാനുള്ളതാണ്, ക്ഷമാപണമല്ല വേണ്ടത്. നിങ്ങളുടെ ജീവിതയാത്ര ഞങ്ങളെ പ്രചോദിപ്പിക്കുന്നു, നിങ്ങളുടെ വിജയം ഞങ്ങളെ സന്തോഷിപ്പിക്കുന്നു. നിങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഇനിയും ശോഭിക്കട്ടെ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ട്വീറ്റിന് ഒരുപാട് പേർ പ്രശംസയുമായെത്തിയിരുന്നു.
മോദിയുടെ ട്വീറ്റ് പങ്കുവെച്ചാണ് ഷിറാസ് ട്വീറ്റ് ചെയ്തത്.
'ഇങ്ങനെയാണ് ഇന്ത്യ തങ്ങളുടെ കായികതാരങ്ങളെ പ്രോജക്ട് ചെയ്യുന്നത്. പൂജ ഗെഹ്‌ലോട്ട് വെങ്കലം നേടുകയും സ്വർണ്ണ മെഡൽ നേടാനാകാത്തതിൽ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു, പ്രധാനമന്ത്രി മോദി അവരെ ആശ്വസിപ്പിച്ചു.പാകിസ്ഥാൻ പ്രധാനമന്ത്രിയുടെയോ പ്രസിഡന്റിന്റെയോ ഇത്തരമൊരു സന്ദേശം എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പാകിസ്ഥാൻ അത്ലറ്റുകളെ അവർക്ക് അറിയാമോ? അവർ മെഡലുകൾ നേടുന്നതെങ്കിലും അറിയുന്നുണ്ടോ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.