അറസ്റ്റിന് പിന്നാലെ പാർഥ ചാറ്റർജിക്ക് നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാർഥ ചാറ്റർജി ബി.ജെ.പിയിൽ ചേരാൻ വിസമ്മതിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് എതിരെ കള്ളക്കേസ് എടുത്തത് എന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ വാദം

Update: 2022-07-24 01:50 GMT
Advertising

കൊല്‍ക്കത്ത: എസ്.എസ്.സി അഴിമതി കേസിൽ ബംഗാൾ മന്ത്രി പാർഥ ചാറ്റർജിക്ക് പിന്നാലെ കൂടുതൽ അറസ്റ്റുകളിലേക്ക് ഇ.ഡി നീങ്ങുന്നു. കോടതി റിമാൻഡ് ചെയ്ത പാർഥ ചാറ്റർജിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർക്കാരിനെതിരെ സമരം ശക്തമാക്കുകയാണ് ബംഗാളിൽ ബി.ജെ.പി.

കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് നെഞ്ചുവേദനിക്കുന്നുവെന്ന് പാർഥ ചാറ്റർജി ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് അദ്ദേഹത്തെ കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിക്കൊപ്പം അദ്ദേഹത്തിന്‍റെ രണ്ട് അനുയായികളെയും അറസ്റ്റ് ചെയ്ത എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു എന്ന സൂചനയാണ് നൽകുന്നത്. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തിയും കൂടുതൽ ആളുകളെ ചോദ്യംചെയ്തുമാണ് ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്.

അനധികൃത അധ്യാപക നിയമന അഴിമതിയിൽ മുഖ്യമന്ത്രിക്ക് പോലും പങ്കുണ്ട് എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. പാർഥ ചാറ്റർജി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് ഇന്നലെ ബി.ജെ.പി ആരോപിച്ചിരുന്നു. ബംഗാളിലെ വിവിധ ഇടങ്ങളിൽ ഇന്നലെ രാത്രി പ്രതിഷേധ പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകർ മന്ത്രിയുടെ കോലവും കത്തിച്ചു. എന്നാൽ പാർഥ ചാറ്റർജി ബി.ജെ.പിയിൽ ചേരാൻ വിസമ്മതിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് എതിരെ കള്ളക്കേസ് എടുത്തത് എന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ വാദം. നാരദ അഴിമതി കേസിൽ പ്രതിയായ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കെതിരെ എന്തുകൊണ്ട് ഏജൻസി അന്വേഷണം നടത്തുന്നില്ല എന്നും തൃണമൂൽ കോൺഗ്രസ് മറുചോദ്യം ഉന്നയിക്കുന്നുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News