പഠാന്‍ പ്രതിഷേധം യുപിയിലേക്കും; ഷാരൂഖിന്‍റെയും ദീപികയുടെയും കോലം കത്തിച്ചു
പഠാന്‍ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് വിശ്വഹിന്ദു മഹാസംഘ് തിയറ്ററുകളോട് ആവശ്യപ്പെട്ടു
ബാന്ദ: ഷാരൂഖ് ഖാനും ദീപിക പദുക്കോണും നായികാനായകന്‍മാരാകുന്ന പഠാന്‍ സിനിമക്കെതിരെയാ പ്രതിഷേധം മധ്യപ്രദേശില്‍ നിന്നും ഉത്തര്‍പ്രദേശിലേക്കും പടര്‍ന്നു. വിശ്വ ഹിന്ദു മഹാസംഘ് ബാന്ദയില്‍ ഷാരൂഖിന്‍റെയും ദീപികയുടെയും കോലം കത്തിച്ചു. പഠാന്‍ സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് വിശ്വഹിന്ദു മഹാസംഘ് തിയറ്ററുകളോട് ആവശ്യപ്പെട്ടു.
''പഠാനില്‍ ഷാരൂഖും ദീപികയും സ്ത്രീ ശാക്തീകരണത്തെ കുറച്ചു കാണിച്ചു. സ്ത്രീകള്‍ ബഹുമാനിക്കപ്പെടേണ്ടവരാണ്. എന്നാല്‍ സിനിമയില്‍ അത് അനുചിതമായി കാണിച്ചിരിക്കുന്നു. ഇത് സനാതന ധർമ്മത്തെ അപമാനിക്കാനുള്ള ശ്രമമായി തോന്നുന്നു.''വിശ്വഹിന്ദു മഹാസംഘ് അംഗം മിഥിലേഷ് ശുക്ല പറഞ്ഞു. സ്ത്രീകളെ കളങ്കപ്പെടുത്താനുള്ള ഏതൊരു ശ്രമവും വിശ്വഹിന്ദു മഹാസംഘ് വെച്ചുപൊറുപ്പിക്കില്ലെന്നും ആരെങ്കിലും അത് ചെയ്യാൻ ശ്രമിച്ചാൽ അതിനെതിരെ പ്രതിഷേധിക്കുമെന്നും ശുക്ല പറഞ്ഞു.
ബേഷറം റാംഗ് ഗാനരംഗത്തില്‍ ദീപിക ഇട്ട വസത്രത്തിന്‍റെ നിറമാണ് വിവാദത്തിലേക്ക് നയിച്ചത്. സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്നായിരുന്നു പ്രധാന വിമര്‍ശം. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ വരെ ഗാനരംഗത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖിന്‍റെയും ദീപികയുടെയും കോലം കത്തിച്ചു പ്രതിഷേധിച്ചിരുന്നു.