‘ബി.ജെ.പിയിൽ ചേരൂ, അഴിമതിക്കറ ഇല്ലാതാകും’; വാർത്താസമ്മേളനത്തിൽ വാഷിങ് മെഷീനുമായി കോൺഗ്രസ്

‘മോദി വാഷിങ് പൗഡർ’ ഉപയോഗിച്ചാൽ അഴിമതിക്കറ ഫലപ്രദമായി വൃത്തിയാകുമെന്ന് പവൻ ഖേര

Update: 2024-03-30 15:43 GMT
Advertising

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുന്ന നേതാക്കളുടെ പേരിലുള്ള കേസുകളെല്ലാം ഇല്ലാതാകുന്നതിനെ പരിഹസിച്ച് വാർത്താസമ്മേളനത്തിൽ വാഷിങ് മെഷീനുമായി കോൺഗ്രസ്. എൻ.സി.പി മുൻ നേതാവ് പ്രഫുൽ പട്ടേലിനെതിരായ 2017ലെ അഴിമതി കേസ് അവസാനിപ്പിച്ച് കൊണ്ട് സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെയാണ് കോൺഗ്രസ് നടപടി. ‘ബി.ജെ.പിയിൽ ചേരൂ, കേസ് അവസാനിപ്പിച്ചു’ എന്ന തത്വത്തിൽ പ്രവർത്തിക്കുന്ന പൂർണ ഓട്ടോമാറ്റിക് വാഷിങ് മെഷീൻ പോലെയാണ് ബി.ജെ.പിയുടെ സമീപനമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് വാഷിങ് മെഷീനുമായി എത്തിയത്. കൂടാതെ അഴിമതിയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ടി-ഷർട്ടും അദ്ദേഹം ഉയർത്തിക്കാണിച്ചു. ബി.ജെ.പിയുടെ വാഷിങ് മെഷീനിൽ അലക്കിയാൽ ഇത് വൃത്തിയാകുമെന്നും പവൻ ഖേരെ പറഞ്ഞു.

ഈ വാഷിങ് മെഷീന്റെ തുക 8500 കോടിയിലധികമാണ്. ഇലക്ടറൽ ബോണ്ടുകൾ വഴിയാണ് ഈ പണം ലഭിച്ചത്. ‘മോദി വാഷിങ് പൗഡറുമായി’ ഉപയോഗിക്കുമ്പോൾ അഴിമതിക്കറ ഫലപ്രദമായി വൃത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തവർക്ക് മോദി വാഷിങ് പൗഡർ എന്ന ലഘുലേഖയും വിതരണം ചെയ്തു. അതിൽ പ്രധാനമന്ത്രിയുടെ ചിത്രവും എല്ലാ കറകളും ഒറ്റയടിക്ക് കഴുകിക്കളയുമെന്ന വാചകവും രേഖപ്പെടുത്തിയിരുന്നു.

അസം മുഖ്യമന്ത്രി ഹിമന്ത വിശ്വശർമ്മ, നാരായൺ റാണെ, അജിത് പവാർ, ഛഗൻ ഭുജ്ബൽ, അശോക് ചവാൻ തുടങ്ങിയ നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളിൽ ബി.ജെ.പി ​മൗനം പാലിക്കുകയാണെന്ന് ഖേര പറഞ്ഞു. ഇവർക്കെതിരായ കേസുകളുടെ ആധികാരികത ചോദ്യം ചെയ്ത ഖേര, പല കേസുകളും നേതാക്കളെ അപകീർത്തിപ്പെടുത്താൻ കെട്ടിച്ചമച്ചതാണെന്നും അതുവഴി അവരെ ഭീഷണിപ്പെടുത്തി ബി.ജെ.പിലേക്ക് കൊണ്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.ഡി.എയുടെ ഭാഗമായതിന് പിന്നാലെയാണ് കഴിഞ്ഞദിവസം എന്‍.സി.പി നേതാവും മുൻ വ്യോമയാന മന്ത്രിയുമായ പ്രഫുൽ പട്ടേലിന് ക്ലീൻചിറ്റ് ലഭിച്ചത്. എൻ.ഡി.എയിൽ ചേർന്ന് എട്ടു മാസങ്ങൾക്കകമാണ് പ്രഫുൽ പ്രതിസ്ഥാനത്തുള്ള വ്യോമയാന അഴിമതിക്കേസ് അവസാനിപ്പിക്കുന്നത്. നേരത്തെ, ശതകോടികളുടെ അഴിമതിക്കേസുകളില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും ക്ലീന്‍ചിറ്റ് ലഭിച്ചിരുന്നു.

2017ൽ എയർ ഇന്ത്യക്ക് വേണ്ടി വിമാനങ്ങൾ പാട്ടത്തിന് വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന കേസിലാണ് പ്രഫുൽ പട്ടേലിനെ പ്രതിചേർത്തിരുന്നത്. സുപ്രിംകോടതി ഉത്തരവു പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പൊതുഖജനാവിന് 840 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാരോപിക്കപ്പെടുന്ന കേസാണിത്.

യു.പി.എ ഭരണകാലത്ത് വ്യോമയാന മന്ത്രിയായിരിക്കെ വിമാനങ്ങൾ പാട്ടത്തിന് വാങ്ങിയതും റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക് അനുവദിച്ചതിലുമാണ് പ്രഫുൽ പട്ടേലിനെതിരെ ആരോപണം ഉയര്‍ന്നിരുന്നത്. ഇതിലൂടെ പൊതുഖജനാവിന് വലിയ നഷ്ടമുണ്ടായെന്നും വ്യക്തികൾക്ക് സാമ്പത്തിക ലാഭമുണ്ടായെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News