യുഎസ് വിമാനാപകടം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി, ഇന്ത്യ അമേരിക്കയിലെ ജനങ്ങൾക്കൊപ്പം
കാൽനൂറ്റാണ്ടിനിടയിൽ അമേരിക്കയിൽ ഉണ്ടായ ഏറ്റവും വലിയ വിമാനദുരന്തമാണ് കഴിഞ്ഞ ദിവസത്തേത്


വാഷിംഗ്ടൺ: അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടണിൽ ഉണ്ടായ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടത്തിൽ അതീവ ദുഖിതനാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അമേരിക്കയിലെ ജനങ്ങളോടൊപ്പം ഇന്ത്യ ഐക്യദാർഢ്യത്തോടെ നിലകൊള്ളുമെന്നും അറിയിച്ചു. കാൽനൂറ്റാണ്ടിനിടയിൽ അമേരിക്കയിൽ ഉണ്ടായ ഏറ്റവും വലിയ വിമാനദുരന്തമാണ് കഴിഞ്ഞ ദിവസത്തേത്.
"വാഷിംഗ്ടൺ ഡിസിയിലെ ദാരുണമായ അപകടത്തിൽ അഗാധമായ ദുഃഖമുണ്ട്. ഇരകളുടെ കുടുംബങ്ങളോട് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഞങ്ങൾ അമേരിക്കയിലെ ജനങ്ങളോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു," യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ടാഗ് ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വാഷിംഗ്ടൺ ഡിസിയിൽ അപകടത്തിൽ 67 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ യാത്രവിമാനവും അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററും കൂട്ടിയിടിച്ചത്. റീഗൻസ് നാഷണൽ എയർപോർട്ടിന് സമീപത്താണ് അപകടം നടന്നത്. വിമാനത്തിൽ 64 യാത്രക്കാരും ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിൽ മൂന്ന് സൈനികരുമാണ് ഉണ്ടായിരുന്നത്.
ബുധനാഴ്ച യുഎസ് സമയം രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. ലാൻഡിങ്ങിനിടെയായിരുന്നു കൂട്ടിയിടി. ഉഗ്രസ്ഫോടനത്തോടെ വിമാനവും ഹെലികോപ്ടറും സമീപത്തെ പോട്ടോമാക്ക് നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടതായി വിചിത മേയർ ലില്ലി വു നേരത്തെ സ്ഥിരീകരിച്ചിരുന്നു. 28 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കൂട്ടിയിടിക്ക് പിന്നിലെ കാരണം എന്താണെന്ന് അധികൃതർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.