പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ ആദ്യ വിദേശ സന്ദർശനം ഇന്ന് ആരംഭിക്കും
ജർമനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം ഇന്ന് മുതൽ. ജർമനി,ഡെൻമാർക്ക്,ഫ്രാൻസ് എന്നീ യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. നയതന്ത്രതല ചർച്ചകൾക്കൊപ്പം പ്രമുഖ വിദേശ കമ്പനികളുമായും പ്രധാനമന്ത്രി ചർച്ച നടത്തും.
മൂന്ന് ദിവസത്തെ വിദേശ പര്യടനത്തിനായി എത്തുന്ന പ്രധാനമന്ത്രി ആദ്യം സന്ദർശിക്കുന്നത് ജർമനിയാണ്. ജർമൻ ചാൻസലറായി ഉലാവ് ഷോൾസ് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാകും. ജർമനിയിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇന്ത്യ-ജർമനി ഇന്റർ കണ്‍സൾട്ടേഷൻസിന്റെ ഭാഗമായി ജർമൻ വ്യവസായ പ്രമുഖരുമായി ഇന്ത്യൻ സംഘം കൂടിക്കാഴ്ച നടത്തും. കോവിഡിന് ശേഷം സാന്പത്തിക നില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യവസായികളെ ഇന്ത്യയിലേക്ക് ക്ഷണിക്കാനാണ് നീക്കം.
മറ്റന്നാൾ ഡെൻമാർക്ക് സന്ദർശിക്കുന്ന പ്രധാനമന്ത്രി ഡച്ച് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്സണുമായി കൂടിക്കാഴ്ച നടത്തും. ഡന്മാര്‍ക്കില്‍ ആദ്യമായാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്.കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നത് മുതൽ സ്മാർട് സിറ്റി നിർമാണത്തിൽ വരെ അഞ്ച് വർഷത്തേക്കുള്ള സഹകരണം ഉറപ്പാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ഡെൻമാർക്കിലെ ഇന്ത്യക്കാരെയും പൊതുപരിപാടിയിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
മൂന്നാം ദിവസം ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാക്രോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷമുള്ള സന്ദർശനം പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും നോക്കിക്കാണുന്നത്. നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകളാണ് സന്ദർശനത്തിലുണ്ടാവുക. യുക്രൈൻ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാട് മൂന്ന് രാഷ്ട്രങ്ങളേയും പ്രധാനമന്ത്രി അറിയിക്കും.