ഖനന മാഫിയ പൊലീസ് ഓഫീസറെ ട്രക്ക് കയറ്റിക്കൊന്നു
അനധികൃത ഖനനം തടയാൻ പോയ ഡി.എസ്.പിയെ ആണ് കല്ല് നിറച്ച ട്രക്ക് ഇടിച്ചു വീഴ്ത്തിയത്
ചണ്ഡിഗഡ്: ഹരിയാനയില്‍ ഖനന മാഫിയ പൊലീസ് ഓഫീസറെ ട്രക്കിടിച്ചു കൊന്നു. നുഹിൽ അനധികൃത ഖനനം തടയാൻ പോയ ഡി.എസ്.പി സുരേന്ദ്ര സിങ് ബിഷ്ണോയിയെ ആണ് കല്ല് നിറച്ച ട്രക്ക് ഇടിച്ചു വീഴ്ത്തിയത്.
ആരവല്ലി പർവതനിരയ്ക്ക് സമീപമുള്ള പച്ചഗാവിൽ അനധികൃതമായി കല്ലുകൾ ഖനനം ചെയ്യുന്നതായി സുരേന്ദ്ര സിങ് ബിഷ്‌ണോയിക്ക് വിവരം ലഭിച്ചു. ഇന്ന് രാവിലെ 11 മണിയോടെ പൊലീസ് സംഘത്തോടൊപ്പമാണ് ഇദ്ദേഹം സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ അനധികൃത ഖനനത്തിൽ ഏർപ്പെട്ടിരുന്നവർ ഓടിരക്ഷപ്പെടാൻ തുടങ്ങി. സുരേന്ദ്ര സിങ് ബിഷ്ണോയി റോഡില്‍ കയറിനിന്ന് വാഹനങ്ങൾ നിർത്താൻ സിഗ്നൽ നൽകി. എന്നാൽ ട്രക്ക് ഓടിച്ച ഡ്രൈവർ നിര്‍ത്താതെ ഓടിച്ചുപോയി. ട്രക്ക് ഇടിച്ച് സുരേന്ദ്ര സിങ് ബിഷ്ണോയ് താഴെവീണു. സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു.
ട്രക്ക് ഡ്രൈവര്‍ ഉടനെ സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പൊലീസ് തെരച്ചില്‍ തുടങ്ങി. നുഹ് പൊലീസ് സൂപ്രണ്ട് വരുൺ സിംഗ്ല സ്ഥലത്തെത്തി.
2009ലെ സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും ആരവല്ലി മേഖലയിൽ പലയിടത്തും ഖനനം തടസ്സമില്ലാതെ തുടരുകയാണ്. ആരവല്ലി ബച്ചാവോ സിറ്റിസൺസ് മൂവ്‌മെന്‍റ് എന്ന കൂട്ടായ്മ ഈ വർഷം ആദ്യം ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. മേഖലയിൽ കുറഞ്ഞത് 16 സ്ഥലങ്ങളിലെങ്കിലും അനധികൃത ഖനനം വ്യാപകമാണെന്ന് അവർ പരാതിയില്‍ ചൂണ്ടിക്കാട്ടി. പല സ്ഥലങ്ങളിലും കുന്നുകളുടെ ഗണ്യമായ ഭാഗങ്ങൾ ഖനനം ചെയ്യപ്പെട്ടെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അനധികൃത ഖനനവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നല്‍കിയെങ്കിലും പൊലീസ് നടപടി എടുത്തില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടർന്ന് ട്രിബ്യൂണൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ, സംസ്ഥാന പൊലീസ്, മൈനിങ്, ഫോറസ്റ്റ് പ്രതിനിധികള്‍ എന്നിവരടങ്ങിയ സംയുക്ത സമിതി രൂപീകരിച്ചു. അനധികൃത ഖനനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പ്രദേശം സന്ദർശിക്കുമെന്നും ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു.