കനയ്യകുമാറിനെ ജന്തർ മന്ദറിലേക്ക് കടത്തിവിടില്ലെന്ന് പൊലീസ്; കനയ്യയെയും കൊണ്ടേ പോകൂ എന്ന് എം.പിമാർ
എം.പിമാരെ മാത്രമേ പ്രവേശിപ്പിക്കൂവെന്നാണ് പൊലീസിന്‍റെ നിലപാട്
ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് കനയ്യകുമാറിനെ ജന്തർ മന്ദറിലേക്ക് കടത്തിവിടില്ലെന്ന് പൊലീസ്. ഇന്നലെ രണ്ട് തവണ ജന്തര്‍മന്ദറിലേക്ക് കയറാന്‍ കനയ്യ കുമാര്‍ ശ്രമിച്ചിരുന്നെങ്കിലും പ്രവേശിപ്പിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. എന്നാല്‍ കനയ്യയെയും കൊണ്ടേ പ്രവേശിക്കൂ എന്ന് എം.പിമാർ വ്യക്തമാക്കി. എം.പിമാരെ മാത്രമേ പ്രവേശിപ്പിക്കൂവെന്നാണ് പൊലീസിന്‍റെ നിലപാട്. കെ.സി വേണുഗോപാല്‍ എം.പി, കൊടുക്കുന്നില്‍ സുരേഷ് എം.പി എന്നിവരെ അകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും കനയ്യ എം.പിയല്ലാത്തതിനാല്‍ ജന്തര്‍മന്ദിറിലേക്ക് കടത്താന്‍ കഴിയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
അതെ സമയം സൈന്യത്തിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നതാണ് അഗ്നിപഥ് പദ്ധതിയെന്ന് കനയ്യ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിൽ യുവാക്കളെ നിർബന്ധിച്ച് സൈന്യത്തിൽ ചേർക്കുന്ന രീതി ഇല്ല. നിലവിലെ സംവിധാനത്തിൽ അപാകതകൾ ഇല്ലാതിരിക്കെ എന്തിനാണ് പുതിയ റിക്രൂട്ട്മെന്റ് രീതി കൊണ്ടുവരുന്നതെന്നും കനയ്യ ചോദിച്ചു. ജന്തര്‍മന്ദറിന് പുറത്ത് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി ശക്തമായ പൊലീസ് ബന്തവസ്സാണ് ഒരുക്കിയിരിക്കുന്നത്.