ഭക്ത വേഷത്തിലെത്തി കാൽതൊട്ട് വണങ്ങി, മാലയണിയിച്ചു; പിന്നാലെ കൈയിൽ വിലങ്ങും; പ്രതിയായ സന്യാസി ഇനി ജയിലിൽ

മൊറേനയിലെ ഒരു ഭൂതർക്ക കേസിൽ പ്രതിയായ ഇയാൾ മഥുരയിലേക്ക് രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Update: 2023-10-06 14:50 GMT
Advertising

ഭക്ത വേഷത്തിലെത്തി കാൽതൊട്ട് വണങ്ങി, മാലയണിയിച്ചു; പിന്നാലെ കൈയിൽ വിലങ്ങും; പ്രതിയായ സന്യാസി ഇനി ജയിലിൽ

ലഖ്നൗ: ഭക്തരുടെ വേഷത്തിൽ അടുത്തെത്തി, കാൽ തൊട്ട് വണങ്ങി. തുടർന്ന് മധുരപലഹാരങ്ങൾ സമ്മാനിക്കുകയും മാലയണിക്കുകയും ചെയ്തു. ഒടുവിൽ കൈയിലൊരു വിലങ്ങും. മധ്യപ്രദേശ് പൊലീസ് സംഘം യു.പിയിലെ മഥുരയിലെത്തി ഒരു സന്യാസിയെ അറസ്റ്റ് ചെയ്ത രീതിയാണിത്. ഭൂമി തർക്ക കേസിൽ പ്രതിയായ രാം ശരൺ എന്ന സന്യാസിയാണ് വലയിലായത്.

മധ്യപ്രദേശിലെ മൊറേനയിലെ ഒരു ഭൂതർക്ക കേസിൽ പ്രതിയായ ഇയാൾ മഥുരയിലേക്ക് രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നഗരത്തിലെ രാംജാനകി ക്ഷേത്ര ആശ്രമത്തിൽ കഴിഞ്ഞുവരികയായിരുന്നു. ഇയാൾ ഈ ക്ഷേത്രത്തിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഭക്തരുടെ വേഷത്തിൽ പൊലീസ് സംഘം മഥുരയിലെത്തിയത്.

മൊറേനയിലെ ഒരു ക്ഷേത്രത്തോട് ചേർന്ന് ആറേക്കറിലധികം സ്ഥലത്ത് നിർമിച്ച കടകളുടെ വാടക തട്ടിയെടുക്കാൻ വ്യാജ ട്രസ്റ്റ് ഉണ്ടാക്കിയെന്നാണ് സന്യാസിക്കെതിരായ കേസ്. കേസിൽ ഇയാൾക്കൊപ്പം കൂട്ടാകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

തട്ടിപ്പിനെ കുറിച്ച് ക്ഷേത്ര മേധാവി അറിഞ്ഞതിനെത്തുടർന്ന് നൽകിയ പരാതിയിൽ 2021 നവംബർ മൂന്നിനാണ് സന്യാസിക്കും കൂട്ടാളികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ സന്യാസിയായ രാം ശരൺ ഒളിവിൽ പോവുകയായിരുന്നു.

വിഷയം മധ്യപ്രദേശ് ഹൈക്കോടതിയിൽ എത്തിയതോടെ ഇയാളെ പിടികൂടാൻ പൊലീസ് രണ്ട് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഒരു സംഘം മഥുര ക്ഷേത്രത്തിൽ ഭക്തരുടെ വേഷത്തിൽ എത്തുകയും അവിടെയുള്ള ചിലരോട് ഈ സന്യാസി എവിടെയാണെന്ന് ചോദിച്ചറിയുകയും ചെയ്തു. പിന്നീട് മധുരപലഹാരങ്ങളും മാലകളുമായി അവർ ഇയാളുടെ അടുത്തെത്തി.

പൊലീസുകാരിൽ ഒരാൾ സന്യാസിയുടെ പാദങ്ങൾ തൊട്ടുവണങ്ങുന്നതുപോലെ കാണിക്കുകയും മൊറേന സിവിൽ ലൈനിൽ നിന്ന് താങ്കളെ അറസ്റ്റ് ചെയ്യാൻ വന്നതാണെന്ന് പറയുകയും ചെയ്തു. ക്ഷേത്രത്തിനു പുറത്ത് ബാക്കി പൊലീസുകാർ കാത്തുനിൽക്കുന്നുണ്ടെന്നും അദ്ദേഹം സന്യാസിയോട് പറഞ്ഞു.

ഇതോടെ ​ഗത്യന്തരമില്ലാതെ നിമിഷങ്ങൾക്കകം രാം ശരൺ പൊലീസിന് മുന്നിൽ കീഴടങ്ങുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൊറേനയിലെ കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ ജയിലിലേക്ക് അയച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News