പഞ്ചാബിൽ ആരാധനാലയങ്ങൾ ആക്രമിക്കാൻ സാധ്യത; ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്
ഇന്നലെ അമൃത്സറിലും കപൂർത്തലയിലും മത നിന്ദ ആരോപിച്ച് നടത്തിയ ആൾകൂട്ട അക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു
പഞ്ചാബിൽ ആരാധനാലയങ്ങളിൽ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുരുദ്വാരകൾക്ക് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അമൃത്സറിലും കപൂർത്തലയിലും മത നിന്ദ ആരോപിച്ച് നടത്തിയ ആൾകൂട്ട അക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
അമൃത്സറിലെ സുവർണ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങുകൾ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. പിന്നാലെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കപൂർത്തലയിലെ ഗുരുദ്വാരയിലും മതനിന്ദയാരോപിച്ച് ഇരുപതുകാരനെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.
സിഖ് പതാകയെ അപമാനിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയത്. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഗുരുദ്വാരയിൽ വച്ച് തന്നെ ചോദ്യം ചെയ്യണമെന്ന് ആള്‍ക്കൂട്ടം ശഠിച്ചു. തുടര്‍ന്ന് പോലീസിന്‍റെ മുന്നില്‍ വച്ച് കൂടുതല്‍ പേര്‍ ആക്രമിക്കുകയായിരുന്നു. വലിയ വടികളുമായായിരുന്നു ആക്രമണം.ആശുപത്രിയിലെത്തിക്കുമ്പോഴേക്കും യുവാവ് മരിച്ചു.
സംഭവത്തെക്കുറിച്ചന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നൽകാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തോടാവശ്യപ്പെട്ടു.