പ്രധാനമന്ത്രി ഇന്ന് ശ്രീനഗറില്‍; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷമുള്ള ആദ്യ സന്ദര്‍ശനം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശ്രീനഗറിൽ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

Update: 2024-03-07 05:48 GMT
Advertising

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ശ്രീനഗര്‍ സന്ദര്‍ശിക്കും. ജമ്മു-കശ്മീരിന് പ്രത്യേക അവകാശാധികാരങ്ങള്‍ നല്‍കിയ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷമുള്ള മോദിയുടെ ആദ്യത്തെ ജമ്മു കശ്മീര്‍ സന്ദര്‍ശനമാണിത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്‌കൂളുകള്‍ അടച്ചിടും. ബോര്‍ഡ് പരീക്ഷകള്‍ അടുത്ത മാസത്തേക്ക് മാറ്റിവെച്ചു. ഡ്രോണുകളും സി.സി.ടി.വി കാമറകളും സജ്ജീകരിച്ചിട്ടുണ്ട്. കാല്‍നട പട്രോളിങും മറൈന്‍ കമാന്‍ഡോകളെയും വിന്യസിച്ചിട്ടുണ്ട്.

മുസ്ലിം ഭൂരിപക്ഷമുള്ള തെക്കന്‍ കശ്മീരില്‍നിന്ന് ആദ്യമായി ഒരു ലോക്സഭാ സീറ്റ് ഉറപ്പിക്കാന്‍ മോദിയുടെ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. ശ്രീനഗര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 'വിക്ഷിത് ഭാരത് വിക്ഷിത് ജമ്മു കാശ്മീര്‍' പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

ശ്രീനഗറില്‍ നടക്കുന്ന പൊതുപരിപാടിയില്‍ 6400 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ അനാച്ഛാദനം ചെയ്യും. കശ്മീരില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട 1000 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രധാനമന്ത്രി നിയമന കത്ത് വിതരണം ചെയ്യും. തുടര്‍ന്ന് വനിതകള്‍, കര്‍ഷകര്‍, സംരഭകര്‍ എന്നിവരുമായി സംസാരിക്കും. തീര്‍ഥാടന-ടൂറിസം മേഖലകള്‍ മെച്ചപ്പെടുത്താനുള്ള 43 പദ്ധതികളും മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

രണ്ട് ലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാവ് രവീന്ദ്ര റെയ്‌ന പറഞ്ഞു. ഈ പരിപാടി ചരിത്ര പ്രാധാന്യമുള്ളതാക്കാന്‍ തങ്ങള്‍ നൂറുകണക്കിന് കേഡര്‍മാരെ അണിനിരത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News