പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

കർഷകർ കൊല്ലപ്പെട്ട ലഖിംപൂരിൽ എത്താൻ ശ്രമിച്ച പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

Update: 2021-10-04 01:29 GMT
Advertising

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിൽ. കർഷകർ കൊല്ലപ്പെട്ട ലഖിംപൂരിൽ എത്താൻ ശ്രമിച്ച പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹർഗണിൽ വെച്ചാണ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്തത്.

'ഇത് കര്‍ഷകരുടെ രാജ്യമാണ് അല്ലാതെ ബിജെപിയുടേതല്ല. ലഖിംപൂര്‍ സന്ദര്‍ശിക്കുന്നതിലൂടെ ഞാന്‍ ഒരു കുറ്റവും ചെയ്യുന്നില്ല. പിന്നെ എന്തിന് എന്നെ തടയുന്നു' എന്നാണ് പ്രിയങ്ക നേരത്തെ ചോദിച്ചത്. 

പ്രിയങ്കയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ബി ശ്രീനിവാസ് ആണ് ട്വീറ്റിലൂടെ അറിയിച്ചത്- "ഒടുവിലത് സംഭവിച്ചു. ബിജെപിയില്‍ നിന്ന് പ്രതീക്ഷിച്ചതുതന്നെ.. മഹാത്മാഗാന്ധിയുടെ ജനാധിപത്യ രാജ്യത്തില്‍, ഗോഡ്സെയുടെ ആരാധകരുള്ള രാജ്യത്തില്‍ കനത്ത മഴയോടും പൊലീസ് സേനയോടും പോരാടി, ഞങ്ങളുടെ നേതാവ് കര്‍ഷകരെ കാണാൻ പോകുന്നു. ഹർഗണിൽ നിന്ന് പ്രിയങ്കജിയെ അറസ്റ്റ് ചെയ്തു. ഇത് പോരാട്ടത്തിന്റെ തുടക്കം മാത്രമാണ്. കര്‍ഷക ഐക്യം സിന്ദാബാദ്".

കേന്ദ്രമന്ത്രിയുടെ മകന്‍റെ വാഹനം ഇടിച്ചു കയറ്റി കൊന്നത് 8 പേരെ

ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് വാഹനം ഇടിച്ചുകയറ്റിയത്. ഒരു കർഷകൻ മരിച്ചത് ആശിഷ് മിശ്രയുടെ വെടിയേറ്റാണെന്നും പരാതിയുണ്ട്. രാജ്യവ്യാപക പ്രതിഷേധത്തിന് കർഷക സംഘടനകൾ ആഹ്വാനം ചെയ്തു.

ഉത്തർപ്രദേശിലെ ലഖീംപൂർ വേരിയിൽ വിവാദമായ മൂന്ന് വിവാദ കാർഷിക ബില്ലുകൾക്കെതിരെ യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയ്ക്ക് നേരെയായിരുന്നു കർഷക പ്രതിഷേധം. ഉപമുഖ്യമന്ത്രി എത്തുന്ന ഹെലിപ്പാഡിന് മുൻപിൽ രാവിലെ മുതൽ കർഷകർ സംഘടിച്ചിരുന്നു. സമര വേദിയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിശ് മിശ്രയുടെ എസ് യു വി വാഹനം ഇടിച്ച് കയറിയാണ് നാല് കർഷകരടക്കം എട്ട് പേർ മരിച്ചത്. സംഭവത്തെ തുടർന്ന് ലഖിംപൂർ ഖേരിയിൽ റോഡ് ഉപരോധിച്ച കർഷകർ രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. വാഹനം മനപൂർവമാണ് ഇടിച്ചു കയറ്റിയതെന്ന് കർഷകർ പറഞ്ഞു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News