ബിഗ്‌ബോസ് താരത്തിനെതിരെ ജാതി അധിക്ഷേപവും വധഭീഷണിയും; പ്രിയങ്ക ഗാന്ധിയുടെ പി.എക്കെതിരെ കേസ്
റായ്പൂരിൽ നടന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ പ്രിയങ്കയുടെ ക്ഷണപ്രകാരം പങ്കെടുക്കാനെത്തിയതായിരുന്നു അർച്ചന
ന്യൂഡൽഹി: ബിഗ് ബോസ് താരത്തിനെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കിയെന്നുമാരോപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പി.എ സന്ദീപ് സിങ്ങിനെതിരെ കേസ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മുൻ മത്സരാർത്ഥിയും സീസൺ 16ലെ മികച്ച ഫൈനലിസ്റ്റുകളിൽ ഒരാളുമായ അർച്ചന ഗൗതമാണ് പരാതി നൽകിയിരിക്കുന്നത്.
ഫെബ്രുവരി 26 ന് റായ്പൂരിൽ നടന്ന കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ പ്രിയങ്കാ ഗാന്ധിയുടെ ക്ഷണപ്രകാരം പങ്കെടുക്കാനെത്തിയതായിരുന്നു അർച്ചന. പ്രിയങ്കാ ഗാന്ധിയെ കാണാനായി പി.എയോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അത് നിരസിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് അർച്ചയുടെ പിതാവ് ഗൗതം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിന് പുറമെ തന്റെ മകളെ ജാതീയമായി അധിക്ഷേപിക്കുകയും മോശം വാക്കുകൾ ഉപയോഗിച്ച് ചീത്തവിളിക്കുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.
ഫേസ്ബുക്ക് ലൈവിൽ അർച്ചന തന്നെയാണ് സംഭവം വെളിപ്പെടുത്തിയത്. 'പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന ഇത്തരക്കാരെ എന്തിനാണ് നില നിർത്തുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സന്ദീപ് സിംഗ് കാരണം എന്നെപ്പോലുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ അടുത്തേക്ക് എത്താനാകുന്നില്ലെന്നും' അർച്ചന ഗൗതം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.തന്നെ ജയിലിലാക്കുമെന്ന് സിംഗ് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു.
സന്ദീപ് സിങ്ങിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മീററ്റ് സിറ്റി എസ്പി പിയൂഷ് സിംഗ് പറഞ്ഞു. പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.