നോൺ ഹലാൽ വിവാദം; ഓപ്ഇന്ത്യയുടെ കാർട്ടൂൺ നീക്കം ചെയ്ത് ട്വിറ്റർ

Update: 2021-11-03 12:19 GMT
Advertising

കൊച്ചിയിൽ നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് മർദിച്ചുവെന്ന വ്യാജ വാർത്തയോടൊപ്പം സംഘപരിവാർ അനുകൂല മാധ്യമമായ ഓപ് ഇന്ത്യ പോസ്റ്റ് ചെയ്ത കാർട്ടൂൺ നീക്കം ചെയ്ത് ട്വിറ്റർ. വർഗീയത നിറഞ്ഞ ട്വീറ്റിനെതിരെ നിരവധി ട്വിറ്റർ ഉപയോക്താക്കൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി സംഘപരിവാർ അനുകൂല മാധ്യമങ്ങൾ മതസ്പർധ വളർത്തുന്ന രീതിയിൽ ഈ വാർത്ത നൽകിയതായി പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റ് ആൾട്ട് ന്യൂസ് സ്ഥാപകരിൽ ഒരാളായ മുഹമ്മദ് സുബൈർ ട്വിറ്ററിൽ കുറിച്ചു.


അതേസമയം, ഹലാല്‍‌ അല്ലാത്ത ഭക്ഷണം വിതരണം ചെയ്ത കട ആക്രമിച്ചെന്ന വ്യാജ വാര്‍ത്തക്ക് പ്രചാരണം നല്‍കിയതിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് തെളിഞ്ഞു. നുണക്കഥ പൊളിഞ്ഞതോടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളടക്കം നീക്കം ചെയ്ത് തടിതപ്പിയിരിക്കുകയാണ് നേതാക്കളും അണികളും. മതവിദ്വേഷത്തിന് കേസെടുത്ത പൊലീസ് തുഷാരക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

ഹലാലല്ലാത്ത ഭക്ഷണം വിതരണം ചെയ്തതിന് വനിതാ സംരംഭക ആക്രമിക്കപ്പെട്ടുവെന്ന വാര്‍‌ത്ത സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളിലൂടെ കാട്ടുതീ പോലെയാണ് പടര്‍ന്നത്. ഹലാല്‍ ഭക്ഷണത്തിനെതിരായി സംഘപരിവാര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് വീണു കിട്ടിയ അവസരമായായിരുന്നു ആക്രമണ കഥ. കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കളും രാഹുല്‍ ഈശ്വര്‍ അടക്കമുള്ള സംഘപരിവാര്‍ അനുകൂലികളും വാര്‍ത്ത ഷെയര്‍ ചെയ്ത് പ്രചാരണം കൊഴുപ്പിച്ചു. പക്ഷേ മണിക്കൂറുകള്‍ക്കകം തിരക്കഥ പൊളിഞ്ഞതോടെ പലരും പോസ്റ്റ് മുക്കി. രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയില്‍ മാപ്പുമായി രംഗത്തെത്തി.


മതസ്പര്‍ധ ഉണ്ടാക്കാന്‍ ബോധപൂര്‍വ ശ്രമം നടത്തിയ തുഷാരക്കെതിരെ മതവിദ്വേഷ പ്രചാരണം നടത്തിയതിന് പൊലീസ് കേസെടുത്തിരുന്നു. ഒളിവില്‍ പോയ തുഷാരക്കും ഭര്‍ത്താവിനുമായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തുഷാരയുടെ സുഹൃത്തുക്കളായ അബിന്‍ ബെന്‍സസ് ആന്‍റണി, വിഷ്ണു ശിവദാസ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News