തൊഴിലില്ലായ്മയും വിലക്കയറ്റവും കാണുന്നില്ല, കറുത്ത വസ്ത്രം മാത്രമാണ് പ്രധാനമന്ത്രി കാണുന്നതെന്ന് രാഹുല്‍
വിലക്കയറ്റം പ്രധാനമന്ത്രി കാണുന്നില്ലേ? തൊഴിലില്ലായ്മ കാണുന്നില്ലേ?
ഡല്‍ഹി: പാർലമെന്‍റില്‍ കറുപ്പ് വസ്ത്രം ധരിച്ച് പ്രതിഷേധിച്ചതിന് കോൺഗ്രസിനെ വിമർശിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി . തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രധാനമന്ത്രി കാണുന്നില്ല. കറുത്ത വസ്ത്രം മാത്രമാണ് കാണുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളിൽ മോദി മറുപടി പറയേണ്ടി വരുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
''വിലക്കയറ്റം പ്രധാനമന്ത്രി കാണുന്നില്ലേ? തൊഴിലില്ലായ്മ കാണുന്നില്ലേ? നിങ്ങളുടെ കറുത്ത ചൂഷണങ്ങൾ മറയ്ക്കാൻ, പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ് തകർക്കുന്നതും 'ബ്ലാക്ക് മാജിക്' പോലുള്ള അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കുക. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ പ്രധാനമന്ത്രി മറുപടി പറയണം'' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ വെള്ളിയാഴ്ച നടന്ന രാജ്യവ്യാപക പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കളെല്ലാം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. രാഹുല്‍ ഗാന്ധി കറുപ്പ് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചപ്പോള്‍ പ്രിയങ്ക കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ചാണ് പ്രതിഷേധത്തിനെത്തിയത്.
ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ 'ബ്ലാക് മാജിക്' പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ''നിരാശയിലും മടുപ്പിലും ഉഴറി നിൽക്കുന്ന ചിലർ ഇപ്പോൾ ബ്ലാക് മാജിക്കിൽ അഭയം കണ്ടെത്തുകയാണ്. ഓഗസ്റ്റ് അഞ്ചിന് ബ്ലാക് മാജിക് പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം നാം കണ്ടു. കറുത്ത വസ്ത്രം ധരിച്ചാൽ കഷ്ടകാലം മാറുമെന്നാണ് ഇക്കൂട്ടരുടെ ധാരണ'' എന്നായിരുന്നു മോദി പറഞ്ഞത്.