2798 കിലോമീറ്റർ പിന്നിട്ടു; ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തില്‍
വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് രാഹുൽ ഗാന്ധിയുടെ പദയാത്ര
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലേക്ക് കടന്നു. രാജസ്ഥാനിലാണ് യാത്ര പര്യടനം നടത്തുന്നത്. മുതിർന്ന നേതാക്കൾ ഇന്ന് യാത്രയുടെ ഭാഗമാകും.
വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് രാഹുൽ ഗാന്ധിയുടെ പദയാത്ര. ഏഴ് സംസ്ഥാനങ്ങൾ പിന്നിട്ട് എട്ടാമത്തെ സംസ്ഥാനമായ രാജസ്ഥാനിലാണ് യാത്ര പര്യടനം നടത്തുന്നത്. 42 ജില്ലകളിലൂടെ കടന്നുവന്ന യാത്ര 2798 കിലോമീറ്റർ പിന്നിട്ടു. ഇനി അവശേഷിക്കുന്നത് 737 കിലോമീറ്റർ. ജനുവരി 26ന് ശ്രീനഗറിൽ യാത്ര സമാപിക്കും.
സെപ്തംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധി ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ദേശീയ പതാക രാഹുൽ ഗാന്ധിക്ക് കൈമാറിയത്. പ്രതീക്ഷിച്ചതിന് അപ്പുറത്തുള്ള പിന്തുണ യാത്രയ്ക്ക് ലഭിച്ചു.
പ്രതിപക്ഷ പാർട്ടികൾ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കലാ സാംസ്കാരിക സാമ്പത്തിക സാമൂഹ്യ മേഖലകളിൽ നിന്നുള്ള പ്രമുഖർ പദയാത്രയിൽ അണിനിരന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസിന്റെ ഒരുക്കം കൂടിയാണ് ഭാരത് ജോഡോ യാത്ര.