ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ പഠിക്കുന്നില്ല; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ ഇനി എത്ര ജീവൻ പൊലിയേണ്ടി വരുമെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു

Update: 2024-10-12 05:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ചെന്നൈ ട്രെയിൻ അപകടത്തില്‍ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ട്രെയിൻ അപകടങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ പാഠം പഠിക്കുന്നില്ല. സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ ഇനി എത്ര ജീവൻ പൊലിയേണ്ടി വരുമെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച വൈകിട്ടാണ് തമിഴ്‌നാട്ടിലെ കവരൈപ്പേട്ട റെയിൽവേ സ്റ്റേഷനിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റുകയും രണ്ട് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ 19 പേര്‍ക്കാണ് പരിക്കേറ്റത്. പാസഞ്ചർ ട്രെയിനിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരിലേറെയും. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

മുന്നൂറോളം യാത്രക്കാരുടെ ജീവൻ അപഹരിച്ച ദാരുണമായ ബാലസോർ അപകടത്തെ പരാമര്‍ശിച്ച് മുൻകാല സംഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി. “മൈസൂർ-ദർഭംഗ ട്രെയിൻ അപകടം ബാലസോർ അപകടത്തെ പ്രതിഫലിപ്പിക്കുന്നു . ഒരു പാസഞ്ചർ ട്രെയിൻ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുന്നു.നിരവധി അപകടങ്ങളിൽ നിരവധി ജീവൻ നഷ്ടപ്പെട്ടിട്ടും പാഠം പഠിക്കുന്നില്ല. ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് ഉത്തരവാദിത്തം വേണം. ഈ സർക്കാർ ഉണരും മുമ്പ് ഇനിയും എത്ര കുടുംബങ്ങളെ നശിപ്പിക്കണം?'' രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സ്ഥിരീകരിച്ചു. "ട്രെയിൻ അപകടത്തിൽ ആളപായമില്ല. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ 22 ആംബുലൻസുകൾ അയച്ചു. യാത്രക്കാർക്ക് താമസിക്കാൻ മൂന്ന് വിവാഹ മണ്ഡപങ്ങൾ തുറന്ന് അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്," ഉദയനിധി അറിയിച്ചു. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും റെയിൽവേ അപകടങ്ങൾ പതിവായി സംഭവിക്കുന്നത് തടയാൻ മുൻകൈയെടുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News