രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും

തുടർന്ന് പിസിസി ഓഫീസിൽ മാധ്യമങ്ങളെ കാണും

Update: 2024-07-08 02:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിലും അസമിലും സന്ദർശനം നടത്തും. പ്രളയത്തെ തുടർന്ന് അസമിലെ ദുരിതാശ്വാസ ക്യാമ്പുകൾ കഴിയുന്നവരെ രാഹുൽ സന്ദർശിക്കും. തുടർന്ന് മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തും. വൈകിട്ട് 5.30 ന് മണിപ്പൂർ ഗവർണറുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. തുടർന്ന് പിസിസി ഓഫീസിൽ മാധ്യമങ്ങളെ കാണും.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനത്തെ രാഹുലിന്‍റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ സില്‍ച്ചാറിലേക്ക് പോകുന്ന രാഹുല്‍ ജൂണ്‍ 6ന് അക്രമമുണ്ടായ ജിരിബാം ജില്ലയും സന്ദര്‍ശിക്കുമെന്നും മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെ മേഘചന്ദ്ര പറഞ്ഞു.''രാഹുൽ ഗാന്ധി ജില്ലയിലെ ചില ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. തുടർന്ന് അദ്ദേഹം സിൽചാർ വിമാനത്താവളത്തിലെത്തി അവിടെ നിന്ന് വിമാനത്തിൽ ഇംഫാലിലേക്ക് പോകും. ചുരാചന്ദ്പൂർ ജില്ലയിലെത്തുന്ന രാഹുല്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായി ആശയവിനിമയം നടത്തും'' മേഘചന്ദ്ര വിശദമാക്കി. ചുരാചന്ദ്പൂരിൽ നിന്ന് റോഡ് മാർഗം ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാങ്ങിലേക്ക് പോകുകയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്യും. തുടർന്ന് ഗവർണർ അനുസൂയ ഉയ്കെയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിലെ നേതാക്കളെയും അദ്ദേഹം കാണും.

18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ രാഹുല്‍ മണിപ്പൂര്‍ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ മണിപ്പൂരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും ആരോപിച്ചിരുന്നു. അക്രമം നടന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദർശിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News