കനത്ത മഴ: ഡൽഹിയിൽ ശശി തരൂരിന്റെയും മന്ത്രിയുടേയും വസതിയിൽ വെള്ളം; എം.പിയെ എടുത്ത് വണ്ടിയിൽ കയറ്റി ആളുകൾ

വെള്ളം ഒഴുകിപ്പോവാൻ സൗകര്യമില്ലാത്തതിനാൽ ശശി തരൂർ എം.പിക്കടക്കം പുറത്തിറങ്ങാനായില്ല.

Update: 2024-06-28 12:43 GMT
Advertising

ന്യൂഡൽഹി: കനത്ത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി ദുരിതത്തിലായി രാജ്യ തലസ്ഥാനം. ഡൽഹി മന്ത്രിയുടെയും വിവിധ എം.പിമാരുടേയും വസതികളിലടക്കം വെള്ളം കയറി. തിരുവനന്തപുരം എം.പി ശശി തരൂർ, ഡൽഹി ജലവകുപ്പ് മന്ത്രി അതിഷി മർലേന തുടങ്ങിയവരുടെ ഔദ്യോ​ഗിക വസതികളിലാണ് വെള്ളം കയറിയത്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ എം.പിമാർക്ക് ഡൽഹിയിൽ തങ്ങേണ്ടതിനാൽ വെള്ളക്കെട്ട് ദുരിതം ഇരട്ടിയാക്കി.

വെള്ളം ഒഴുകിപ്പോവാൻ സൗകര്യമില്ലാത്തതിനാൽ ശശി തരൂർ എം.പിക്കടക്കം പുറത്തിറങ്ങാനായില്ല. വീട്ടിലും പരിസരത്തും വെള്ളം കയറി വീട്ടുപകരണങ്ങളടക്കം നശിച്ച കാര്യം വീഡിയോ പങ്കുവച്ച് ശശി തരൂർ എക്സിലൂടെ അറിയിച്ചു. വെള്ളക്കെട്ട് മൂലം ബോട്ടില്ലാതെ എങ്ങോട്ടും പോകാനാവാത്ത സ്ഥിതിയാണെന്നും വീട്ടിൽ പുലർച്ചെ മുതൽ കറന്റില്ലെന്നും അദ്ദേഹം പറഞ്ഞു.


'ഡൽഹിയിലെ എൻ്റെ വീടിന് പുറത്തെ കാഴ്ചയാണിത്. എൻ്റെ വീടു മുഴുവൻ ഒരടി വെള്ളം കയറിയിരിക്കുന്നതു കണ്ടാണ് ഉണർന്നത്. എല്ലാ മുറികളിലും വെള്ളമാണ്. പരവതാനികളും ഫർണിച്ചറുകളുമടക്കം നിലത്തുണ്ടായിരുന്ന എല്ലാം നശിച്ചു. റോഡിലെ ഓടകളെല്ലാം അടഞ്ഞുപോയതിനാൽ വെള്ളം ഒഴുകിപ്പോവാൻ ഇടമില്ലാതായി. ആളുകൾക്ക് വൈദ്യുതാഘാതമുണ്ടാവുമെന്ന് ഭയന്ന് രാവിലെ ആറു മണി മുതൽ അധികൃതർ വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ബോട്ടില്ലാതെ പാർലമെൻ്റിൽ എത്താനാവില്ലെന്ന് താൻ സഹപ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട്, റോഡുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്തുകളയാൻ അധികൃതർക്കായി. അതിനാൽ ഞാൻ കൃത്യസമയത്ത് എത്തി'- അദ്ദേഹം എക്സിൽ കുറിച്ചു.

കനത്ത മഴയിൽ സമാജ്‌വാദി പാർട്ടി എം.പി രാം ഗോപാൽ യാദവിൻ്റെ ലോധി എസ്റ്റേറ്റ് ഏരിയയിലെ ബംഗ്ലാവിലും പുറത്തുള്ള റോഡിലും വെള്ളം കയറിയതോടെ അദ്ദേഹവും പാടുപെട്ടു. വെള്ളക്കെട്ടിനെ തുടർന്ന് നാട്ടുകാർ അദ്ദേഹത്തെ പൊക്കിയെടുത്ത് വാഹനത്തിൽ കയറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

'പാർലമെൻ്റിലേക്ക് പോകാൻ എനിക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവന്നു. പുറത്തിറങ്ങിയ എന്നെ ആളുകൾ കാറിലേക്ക് എടുത്തുകൊണ്ടുപോയി. എൻ്റെ ബംഗ്ലാവ് മുഴുവൻ വെള്ളത്തിലാണ്. രണ്ട് ദിവസം മുമ്പാണ് തറയുടെ പണി പൂർത്തിയായത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെതിരെയും അദ്ദേഹം രം​ഗത്തെത്തി. പമ്പ് കൊണ്ടുവന്ന് വെള്ളം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഞാൻ പുലർച്ചെ നാലു മുതൽ എംസിഡി ഉദ്യോഗസ്ഥരെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി ജലമന്ത്രി അതിഷിയുടെ വസതിക്ക് പുറത്ത് രൂപപ്പെട്ട വൻ വെള്ളക്കെട്ടിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 


ഡൽഹിയിൽ ഇന്നലെ ആരംഭിച്ച കനത്ത മഴ കൊടുംചൂടിൽ നിന്ന് ഏറെ ആശ്വാസം നൽകിയെങ്കിലും വ്യാപകമായ വെള്ളക്കെട്ടിനും വൻ ഗതാഗതക്കുരുക്കിനും കാരണമായി. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ഇന്നലെ രാവിലെ 8.30 മുതൽ ഇന്ന് രാവിലെ 8.30 വരെ ഡൽഹിയിൽ 228 മില്ലിമീറ്റർ മഴയാണ് പെയ്തത്. 1936 ജൂണിലുണ്ടായ 235.5 മില്ലിമീറ്ററിനു ശേഷം 24 മണിക്കൂറിനുള്ളിൽ പെയ്ത ഏറ്റവും വലിയ മഴയാണിതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News