മൊബൈൽ ഫോൺ വാഗ്ദാനം ചെയ്‌ത് പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിയായ സർക്കാർ ജീവനക്കാരനെ കെട്ടിയിട്ട് മർദിച്ച് നാട്ടുകാർ
സർക്കാർ പദ്ധതി വഴി മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് 17കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്.
ഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോൺ വാഗ്ദാനം ചെയ്‌ത് പീഡിപ്പിച്ചയാൾ അറസ്റ്റിൽ. രാജസ്ഥാനിലെ പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റിലെ കാഷ്യറായ സുനിൽ കുമാർ ജംഗിദ് ആണ് അറസ്റ്റിലായത്. സർക്കാർ പദ്ധതി വഴി മൊബൈൽ ഫോൺ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ 17കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്.
ജലവിതരണ വകുപ്പിലെ കാഷ്യറായ ഇയാൾ മൊബൈൽ ഫോൺ സൗജന്യമായി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.ആഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. അമ്മ ദിവസക്കൂലിക്ക് ജോലിക്ക് പോയതിനാൽ വീട്ടിൽ തനിച്ചായിരുന്നു പെൺകുട്ടി. അച്ഛനും സ്ഥലത്തുണ്ടായിരുന്നില്ല. സവായ് മധോപൂർ ജില്ലയിലെ ഗംഗാപൂർ സിറ്റി തഹസിൽ കുൻസയ് ഗ്രാമത്തിൽ താമസിക്കുന്ന സുനിൽ കുമാർ പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും സൗജന്യമായി മൊബൈൽ ഫോൺ നൽകുന്ന 'സർക്കാർ പദ്ധതി'യെ കുറിച്ച് പറയുകയും ചെയ്തു.
പദ്ധതിയിൽ പെൺകുട്ടിയുടെ പേരുണ്ടെന്നാണ് സുനിൽ കുമാർ ധരിപ്പിച്ചത്. അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ പിന്നീട് സംസാരിക്കണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാൽ, കാറിൽ കയറിയപ്പോഴേക്കും സുനിലിന്റെ സ്വഭാവം മാറി. മൊബൈൽ ഫോൺ തീർന്നുപോയെന്നായി പിന്നീട്. തുടർന്ന് പെൺകുട്ടിയെ വാഹനത്തിൽ കയറ്റി തോഡഭീമിലേക്കുള്ള മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം ഈദ്ഗാഹിലേക്കുള്ള വഴിയിൽ ഉപേക്ഷിച്ചു.
തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ വിശദീകരിച്ചു. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു. നിലവിളിക്കാൻ തുടങ്ങിയപ്പോൾ പ്രതി തന്നെ ഉപദ്രവിച്ചുവെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ, പോലീസ് എത്തുന്നതിന് മുൻപ് തന്നെ വിവരമറിഞ്ഞ് പ്രകോപിതരായ നാട്ടുകാർ സുനിൽ കുമാറിനെ പിടികൂടി ജലവിതരണ വകുപ്പിന്റെ പ്രധാന ഗേറ്റിന് മുന്നിലെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇയാളെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നാട്ടുകാർ മർദിച്ച ശേഷം വിട്ടയച്ച ഇയാൾ സ്ഥലത്ത് നിന്ന് ഓടിരക്ഷപെട്ടെങ്കിലും പോലീസ് പിടികൂടി. പോക്സോ വകുപ്പും മറ്റ് ഐപിസി വകുപ്പുകളും ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിശദമായ അന്വേഷണം നടന്നുവരികയാണ്. കേസെടുത്തതിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.